സ്വന്തം ലേഖകൻ
തൃശൂർ: ചുമർചിത്രങ്ങളും അപൂർവ പുരാവസ്തുക്കളുംകൊണ്ടു മനോഹരമാക്കി നവീകരിച്ച തൃശൂർ ചെന്പൂക്കാവിലെ കൊല്ലങ്കോട് കൊട്ടാരം നാളെ ജനങ്ങൾക്കായി തുറന്നുകൊടുക്കും. ആരാധനാലയങ്ങളിലെ ചുമർചിത്രങ്ങളുടെ പകർപ്പുകളാണ് ചുമർചിത്രശേഖരത്തിലുള്ളത്. മഹാശിലയുഗ സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചരിത്രഗാലറിയും, പൈതൃക വസ്തുക്കളുടെയും നാടൻ കലകളുടെയും തൊഴിൽ അനുബന്ധ ഉപകരണങ്ങളുടെയും ശേഖരമടങ്ങിയ ഫോക്ലോർ ഗാലറിയും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
കൊട്ടാരത്തിന്റെ ചുറ്റുമതിലിന്റെ ഉൾവശം 800 മീറ്റർ നീളത്തിലും 10 അടി അഞ്ച് അടിയിലുമായി അന്‍പതോളം പാനലുകളിലായാണ് തൃശൂർ ജില്ലയുടെ പൈതൃക ചിത്രങ്ങൾ പൈതൃകമതിലിൽ ആലേഖനം ചെയ്തിരിക്കുന്നത്. പുരാതന കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങൾ, കോവിലിന്റെ മാതൃക, പള്ളിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ഉപകരണങ്ങൾ, വട്ടമുടി, പഴയകാലത്തെ അടുക്കളയുടെ മാതൃക തുടങ്ങിയവയെല്ലാം സജ്ജമാക്കി.
കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രകാരന്മാരും കലാവിദ്യാർഥികളുമാണ് പൈതൃക മതിൽ തയാറാക്കിയത്.കൊട്ടാരവും കൊട്ടാര വളപ്പും സൗന്ദര്യവൽക്കരിച്ചിട്ടുണ്ട്. പൈതൃക മതിലിന്റെ ഭാഗങ്ങളിലും കോന്പൗണ്ടിലും വൈദ്യുത വിളക്കുകൾ സ്ഥാപിച്ചു. ചുമർചിത്രഗ്യാലറി, ചരിത്ര ഗ്യാലറി എന്നിവ പുന: സജ്ജീകരിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് മ്യൂസിയത്തിനകത്തെ തറ നില മുഴുവനും അനായാസമായി കയറിയിറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കി.
കൊല്ലങ്കോട് രാജാവായ സർ വസുദേവരാജ 1904 ൽ പണിതതാണ് തൃശൂർ ചെന്പൂക്കാവിലുള്ള കൊല്ലങ്കോട് ഹൗസ്. വെങ്ങുനാട് നന്പിടിമാരുടെ പിൻതുടർച്ചക്കാരാണ് കൊല്ലങ്കോട് രാജവംശം എന്നു പിന്നീട് അറിയപ്പെട്ടത്. 1975 ൽ ഈ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പുരാവസ്തു മ്യൂസിയമാക്കി. 2005 ൽ പുരാവസ്തു മ്യൂസിയം ശക്തൻ തന്പുരാൻ കൊട്ടാരത്തിലേക്ക് മാറ്റി.
1938 ൽ തൃശൂർ ടൗണ്‍ ഹാളിൽ ആരംഭിച്ച ശ്രീമൂലം ചിത്രശാലയിലുണ്ടായിരുന്ന ചിത്രങ്ങൾ ഇവിടെ പ്രദർശനത്തിനൊരുക്കി 2005 ൽ ഈ മ്യൂസിയം ചുമർചിത്രകലാ മ്യൂസിയമാക്കി.
നാളെ രാവിലെ പത്തിന് തുറമുഖ പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനാകും.