കൊല്ലങ്കോട്: അഞ്ഞൂറുകോടി രൂപ ചെലവഴിച്ച് നിർമിച്ച പാലക്കാട്-പൊള്ളാച്ചി ബ്രോഡ്ഗേജ് ലൈനിൽ ട്രെയിനുകൾ ഇല്ലെങ്കിലും കാര്യങ്ങളെല്ലാം മൾട്ടിപർപ്പസ് ആണെന്നു ആക്ഷേപം ശക്തമാകുന്നു. ആകെ ഓടുന്ന ഒരു ട്രെയിനിനു വേണ്ടി എന്തിനു കോടികൾ മുടക്കിയെന്നാണ് ആക്ഷേപമുയരുന്നത്.
കാർ, ലോറി, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ലെവൽക്രോസുകളിൽ തടസമില്ലാതെ കടന്നുപോകുന്നുണ്ട്. പിന്നെന്തിനാണ് ലെവൽക്രോസിനു പണം ചെലവിട്ടത്…? രാത്രി എട്ടിനും രാവിലെ അഞ്ചിനുമിടയിലാണ് ട്രെയിൻ യാത്രികർക്കു ഉപയോഗമില്ലാത്ത തരത്തിൽ കടന്നുപോകുന്നത്.
മുന്പ് ഇതുവഴി പോയിരുന്ന ചരക്കുകടത്ത് ട്രെയിനുകൾ നിലവിൽ കിണത്തുകടവ്, പോത്തന്നൂർ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. രാവിലെ എട്ടിന് അമൃത പൊള്ളാച്ചി ഭാഗത്തേക്ക് പോയിക്കഴിഞ്ഞാൽ തുറക്കു ന്ന ലെവൽക്രോസ് ഗേറ്റുകൾ രാത്രി എട്ടുവരെയും തുറന്നുകിടക്കും.
ഉൗട്ടറയിൽ പതിനഞ്ചുലക്ഷത്തോളം മുടക്കി അന്പലപ്പറന്പ് വഴി ബൈപാസ് നിർമിച്ചതും ഉപയോഗശൂന്യമായി കിടക്കുകയാണ്. എന്നാൽ രണ്ടാവശ്യങ്ങളും നടപ്പിലാക്കുമെന്ന വാഗ്ദാനം നല്കിയെങ്കിലും അധികൃതർ യാത്രക്കാരെ വഞ്ചിച്ചുവെന്നാണ് പരാതി ഉയരുന്നത്.
മുന്പ് മീറ്റർഗേജ് ലൈനിൽ കുറഞ്ഞനിരക്കിൽ പഴനി, മധുര, രാമേശ്വരം, ഏർവാടി തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്ക് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുന്നില്ല.ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും പാസഞ്ചർ ട്രെയിനുകൾ ഓടിക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.
മാസങ്ങൾക്കുമുന്പ് കൊല്ലങ്കോട്, പുതുനഗരം സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനും സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുമായി സമരങ്ങൾ നടത്തിയിരുന്നു.