കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളും സാമ്പിളുകളും പരിശോധനയ്ക്ക് അയയ്ക്കാൻ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. ലഭ്യമായ തെളിവുകൾ എല്ലാം ഹാജരാക്കി അവ കോടതി മുഖാന്തിരമാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കേണ്ടത്.
ഇതിനായി കോടതിയിൽ അപേക്ഷ നൽകുന്നതിന് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി എം.എം. തോമസ് പറഞ്ഞു.
കോടതിയിൽനിന്നായിരിക്കും തെളിവുകൾ പരിശോധനയ്ക്ക് അയയ്ക്കുക. ലാബിൽ നിന്ന് പരിശോധനാ ഫലം കൈമാറുന്നതും കോടതിയ്ക്ക് നേരിട്ടായിരിക്കും. രണ്ടിനും കൂടി ഒരാഴ്ചയിലധികം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
രണ്ടാം പ്രതി അനിത കുമാരിയുടെ ടെലിഫോൺ സംഭാഷണം, മകൾ അനുപമയുടെ കൈയക്ഷരം, തട്ടിക്കൊണ്ട് പോയ കാറിൽനിന്ന് ലഭിച്ച നിർണായക തെളിവുകൾ, ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ അടക്കമുള്ള തെളിവുകൾ, പോളച്ചിറയിലെ ഫാം ഹൗസിൽ നിന്ന് തീവച്ച് നശിച്ച നിലയിൽ കിട്ടിയ കുട്ടിയുടെ സ്കൂൾ ബാഗിന്റെയും നോട്ട് ബുക്കുകളുടെയും അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാനമായും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
കൂടാതെ ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയും പരിശോധനയ്ക്ക് അയക്കും. ലാപ്ടോപ്പിൽ ചില വിവരങ്ങൾ ഡിലിറ്റ് ചെയ്തിട്ടുണ്ട്. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഇവ വീണ്ടെടുക്കാനും കോടതിയുടെ അനുമതി തേടും. ഫോണുകളിലെ വാട്ട്സ് ആപ്പ് ചാറ്റുകൾ ക്ലിയർ ചെയ്തതും വീണ്ടെടുത്ത് പരിശോധിക്കുകയും വേണം. സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്ന നടപടികൾ സമാന്തരമായി ഇപ്പോഴും നടക്കുന്നുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പും അതിനു ശേഷം തെങ്കാശിയിലേക്ക് കടക്കുന്നത് വരെയുള്ള സമയത്തെ പ്രതികളുടെ ഫോൺ കോൾ സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത വരുത്തുന്നതിനും ശ്രമങ്ങൾ നടക്കുന്നു.
പ്രതികൾ ഫോൺ വിളിച്ചവരെയും ഇവർക്ക് ഫോൺ ചെയ്തവരെയെല്ലാം ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്നെല്ലാം പ്രാഥമിക മൊഴികൾ രേഖപ്പെടുത്തി. ആർക്കും കൃത്യത്തിൽ നേരിട്ടോ പരോക്ഷമായോ ഒരു ബന്ധവും ഇല്ലന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
എതാനും ചിലരുടെ ഫോൺ കോളുകൾക്ക് ദൈർഘ്യം വളരെ കൂടുതലായിരുന്നു. ഇവരെ വീണ്ടും റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മൊഴിയെടുപ്പുകൾ ഇന്നും തുടരും. 13 അംഗ ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ഇന്നലെ യോഗം ചേർന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി.
എസ്.ആർ. സുധീർ കുമാർ