കൊല്ലം: വിവാഹ വാഗ്ദാനം നൽകി കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ചടയമംഗലം ഇളമാട് ചെറുവയ്ക്കൽ സ്വദേശി ഷംനാദ്(27)ആണ് അറസ്റ്റിലായത്.
നഗ്ന ചിത്രം പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നൽകിയ പരാതിയിൽ പെൺകുട്ടി വ്യക്തമാക്കി.
വിദേശത്തായിരുന്ന പ്രതി വിവാഹിതനാണ്. നാട്ടിലെത്തിയ ശേഷം ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്നു ഇയാൾ.
ഈ സമയത്താണ് വിദ്യാർഥിനിയുമായി സമൂഹ മാധ്യമത്തിലൂടെ ഇയാൾ അടുക്കുന്നത്. താൻ വിവാഹിതനാണെന്ന കാര്യം ഇയാൾ പെൺകുട്ടിയിൽ നിന്നും മറച്ചുവച്ചിരുന്നു.
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇയാൾ ഭീഷണി തുടങ്ങിയതെന്ന് പെൺകുട്ടി ആരോപിക്കുന്നു. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഇതേതുടർന്നാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്. അറസ്റ്റ് ചെയ്ത ഷംനാദിനെ കോടതിയിൽ ഹാജരാക്കി. ഇയാൾ റിമാൻഡിലാണ്.