കൊല്ലം സുധിയുടെ സ്വപ്‌നം യഥാര്‍ഥ്യമാകുന്നു; വീട് വയ്ക്കാന്‍ ഏഴ് സെന്‍റ് സ്ഥലം നല്‍കി ബിഷപ്

മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കൊല്ലം സുധിയുടെ വിയോഗത്തിന്‍റെ ആഘാതത്തില്‍ നിന്ന് ആരാധകര്‍ പുറത്തുവന്നിട്ടില്ല. മിമിക്രി വേദികളില്‍ നിന്നും തന്‍റെ കലാജീവിതം ആരംഭിച്ച സുധിയുടെ ജീവിതം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ സുധി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടമുഖമായി മാറിയിരുന്നു. 

സിനിമയിലും ടെലിവിഷനിലുമായി പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും സ്വന്തമായൊരു വീടെന്ന സ്വപ്‌നം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയായിരുന്നു.

തന്‍റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഒരു പുഞ്ചിരിയോടെ നേരിട്ടിരുന്ന സുധി സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോഴായിരിന്നു അപ്രതീക്ഷിതമായി മരണം സുധിയെ തട്ടിയെടുത്തത്.

കോഴിക്കോട് വടകരയില്‍ സ്റ്റേജ് പരിപാടി കഴിഞ്ഞ് തിരിച്ചെത്തുന്ന വഴിയാണ് സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. സുധി വിട്ട് പിരിഞ്ഞപ്പോഴും കുടുംബവും സുഹൃത്തുക്കളും സംസാരിച്ചത് സുധിയുടെ ഈ സ്വപ്നത്തെ കുറിച്ചായിരുന്നു. എന്നാല്‍ ആ സ്വപ്‌നം ഇപ്പോൾ സാക്ഷാത്കരിക്കാന്‍ പോവുകയാണ്.

കൊല്ലം സുധിയ്ക്ക് ചങ്ങനാശേരിയില്‍ വീട് വെയ്ക്കാനുള്ള സ്ഥലം നല്‍കിയിരിക്കുകയാണ് ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ഏഴ് സെന്‍റ് സ്ഥലമാണ് സുധിയ്ക്ക് വീട് വയ്ക്കാനായി നൽകിയിരിക്കുന്നത്. സുധിയുടെ മക്കളായ രാഹുലിന്‍റെയും റിതുലിന്‍റെയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരിക്കുന്നത്. ഫേയ്‌സ് ബുക്ക് കൂട്ടായ്മയായ കേരള ഹോം ഡിസൈന്‍സിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വീട് പണിത് കുടുംബത്തിന് നൽകുന്നത്. 

 

Related posts

Leave a Comment