തിരുവനന്തപുരം: വട്ടിയൂർക്കാവ് കേന്ദ്രമായി ജി കാപിറ്റൽ എന്ന സ്ഥാപനം നടത്തി നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന നടത്തിപ്പുകാരായ രണ്ട് പേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.
വട്ടിയൂർക്കാവ് സ്വദേശികളായ സന്തോഷ്കുമാർ (60) , ഇയാളുടെ മകൻ ദീപക് (26) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ചലച്ചിത്ര നടൻ കൊല്ലം തുളസിയുടെ നിക്ഷേപതുക തിരികെ നൽകാതെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആദ്യം രണ്ട് ലക്ഷം രൂപയാണ് കൊല്ലം തുളസി നൽകിയത്. ഇത് നാല് ലക്ഷം രൂപയായി തിരിച്ചു നൽകി. പിന്നീട് നാല് ലക്ഷം നൽകിയപ്പോൾ എട്ട് ലക്ഷം രൂപയായി തിരിച്ചു നൽകി. ഇതോടെയാണ് ഒറ്റയടിക്ക് 20 ലക്ഷം രൂപ നൽകിയത്. ഇത് തിരികെ ലഭിച്ചില്ല. തുടർന്നാണ് പരാതി നൽകിയത്.
നിക്ഷേപിക്കുന്ന പണത്തിന്റെ ഇരട്ടി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷകണക്കിന് രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ വട്ടിയൂർക്കാവ്, പൂജപ്പുര, ഫോർട്ട്, ശ്രീകാര്യം ഉൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം മ്യൂസിയം എസ്എച്ച് ഒ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.