പത്തനാപുരം : അച്ചന്‍കോവില്‍ ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോരത്ത് മുറിച്ചിട്ടിരിക്കുന്ന തടികള്‍ അപകടഭീഷണിയാകുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള തടികളാണ് റോഡ് വശങ്ങളില് കൂട്ടിയിട്ടിരിക്കുന്നത്.ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് അപകടഭീഷണിയുണ്ടാക്കുന്ന തരത്തില്‍ റോഡിലേക്ക് തടികള്‍ മുറിച്ചിട്ടിരിക്കുന്നത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും തടി റോഡില്‍ നിന്നും മാറ്റാത്തതിനാല്‍ ഇവിടെ അപകടങ്ങളും പതിവായിരിക്കുകയാണ്.റോഡിലെ വളവുകള്‍ ഉള്ള ഭാഗത്താണ് തടികള്‍ കിടക്കുന്നത്.എന്നാല്‍ ഇറക്കിയിട്ടിരിക്കുന്ന തടികളിലധികവും നശിച്ചുകൊണ്ടിരിക്കുകയാണ്.ഇത് വകുപ്പിന് ഏറെ നഷ്ടമുണ്ടാക്കുന്നുണ്ട്.മരങ്ങള്‍ ലേലം ചെയ്ത് നല്‍കുകയോ,റോഡരികില്‍ നിന്നും എടുത്തുമാറ്റുകയോ ചെയ്യണമെന്ന യാത്രക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
തടികള്‍ കൂട്ടിയിട്ടിരിക്കുന്നതിന് സമീപത്ത് തന്നെയാണ് വനംവകുപ്പിന്റെഅച്ചന്കോവില് ടിംബര്‍ ഡിപ്പോ സ്ഥിതി ചെയ്യുന്നത്. പാതയോരങ്ങളിലെ തടികള്‍ അവിടേക്ക് മാറ്റണമെന്നും ആവശ്യമുണ്ട്.പക്ഷേ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്ക് എത്തുന്ന തീര്ത്ഥാടനവാഹനങ്ങളും മണലാര്‍ കുഭാവുരുട്ടി ടൂറിസം മേഖലയിലേക്ക് എത്തുന്ന സഞ്ചാരികളും ആശ്രയിക്കുന്ന പാതയാണിത്.
തടി കയറ്റിയ വലിയ വാഹനങ്ങളും ബസുകളും ഏറെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്.രാത്രി യിൽ ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നതും പതിവാണ്.റോഡിന് സമീപത്തെ തടികള്‍ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.