സ്വന്തം ലേഖകൻ
ചീമേനി: നാടിനെ നടുക്കിയ ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപികയുടെ കൊലപാതകത്തിൽ അറസ്റ്റിലായ രണ്ടു പേരും ടീച്ചറുടെ ശിഷ്യൻമാരായിരുന്നു. റിട്ട. അധ്യാപിക പി.വി. ജാനകിയെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും പണവും സ്വർണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ നാട്ടുകാരായ പുലിയന്നൂർ ചീർക്കുളത്തെ വിശാഖ്(26), റെനീഷ്(27) എന്നിവരെയാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ സൂത്രധാരൻ അരുണ്‍ ഈ മാസം നാലിന് കുവൈറ്റിലേക്ക് കടന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇയാളെ പിടികൂടാനായി പോലീസ് ഊർജിയശ്രമത്തിലാണ്.
പുലിയന്നൂർ ഗവ.എൽപി സ്കൂൾ വിദ്യാർഥികളായിരുന്ന മൂവരും ഇവരുടെ കുടുംബവുമായി നിത്യസന്പർക്കത്തിലുമായിരുന്നുവെന്നാണ് അയൽവാസികൾ ഉൾപ്പെടെ പറയുന്നത്. കൊലപാതകികൾ സമീപവാസികൾ തന്നെയാണെന്നു അന്വേഷണസംഘം ഉറപ്പിച്ചിരുന്നെങ്കിലും വ്യക്തമായ ഒരു തുന്പും ഇവർക്കു ഇന്നലെ വരെ കണ്ടെത്താനായിരുന്നില്ല. നാട്ടുകാർക്കു ചെറു സംശയത്തിനു പോലും ഇടനൽകാത്ത രീതിയിലായിരുന്നു മൂവരുടെയും പ്രവർത്തനങ്ങൾ. അന്വേഷണത്തിൽ നാട്ടുകാരുടെ സഹകരണത്തിനൊപ്പവും ഇവരുണ്ടായിരുന്നു.
പ്രമാദമായ കേസിൽ ഇന്നലെ രാവിലെ 11.30 ഓടെ നാടകീയമായാണ് യുവാക്കളെ പിടികൂടുന്നത്. വിശാഖിന്റെ പിതാവിൽ നിന്നുമാണ് കേസിന്റെ നിർണായക വിവരം പൊലീസിന് ലഭിക്കുന്നത്. മകന്റെ കയ്യിൽ കുറെയേറെ പണം എത്തിയിട്ടുണ്ടെന്നും എവിടുന്നെന്നെന്ന് അറിയില്ലെന്നുമാണ് പൊലീസിനു നൽകിയ വിവരം.
ഇതനുസരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതു വ്യക്തമാണെന്നു കണ്ടെത്തുകയും ഇന്നലെ രാവിലെ വിശാഖിനെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം യുവാവിനെയുമായി റെനീഷിനെ ഫോണിലൂടെ ബന്ധപ്പെടുത്തുകയും ചീമേനി ടൗണിൽ എത്തിച്ചു പിടികൂടുകയുമായിരുന്നു.
റെനീഷിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിക്കുന്നത്. ആദ്യം പിടിയിലായ രണ്ടുപേരെയും നീലേശ്വരം പോലീസ് സ്റ്റേഷനിലും പിന്നീട് കാസർഗോഡ് പോലീസ് ക്യാന്പിലേക്കും മാറ്റി. അതിനിടെ കവർന്ന കുറച്ചു സ്വർണം പയ്യന്നൂരിലെ ജ്വവലറിയിൽ വില്പന നടത്തിയ രസീതും പൊലീസിനു ലഭിച്ചു. കൂടുതൽ അന്വേഷണത്തിൽ പയ്യന്നൂരിൽ 10 പവൻ തൂക്കമുള്ള സ്വർണവും മംഗളൂരുവിൽ എട്ടു പവൻ തൂക്കം വരുന്ന സ്വർണവും വില്പന നടത്തിയതായി റെനീഷ് പോലീസിനു മൊഴി നൽകുകയും ചെയ്തു.
കൊലപാതകവും കവർച്ചയും നടന്ന കൃഷ്ണൻ മാസ്റ്ററുടെ കളത്തേര വീടിനു സമീപത്ത് തന്നെയാണ് പ്രതികളുടെ വീടും. മോഷണത്തിനായാണ് ഇവർ ജാനകി ടീച്ചറുടെ വീട്ടിലെത്തിയത്. വീടിനെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായി ധാരണയുള്ളവരായിരുന്ന ഇവർ. രാത്രി പത്തിന് മുന്‍പാണ് കൃത്യം നടത്തിയതെന്നാണു മൊഴി. ഈ സമയത്ത് തൊട്ടടുത്ത പ്രദേശമായ ചീർക്കുളത്തെ ധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഉത്സവം നടക്കുകയായിരുന്നു. പ്രദേശവാസികൾ അയ്യപ്പൻ വിളക്കിനു പോയ സമയം തെരഞ്ഞെടുത്താണ് കൊലയും കവർച്ചയും ആസൂത്രണം ചെയ്തത്.
കവർച്ചയായിരുന്നു മുഖ്യലക്ഷ്യം. എന്നാൽ ഇവരെ ജാനകി ടീച്ചർ തിരിച്ചറിഞ്ഞതാണ് ടീച്ചറെ കൊലപ്പെടുത്താൻ കാരണമായത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം കവർച്ചയ്ക്കു ശേഷം ജാനകി ടീച്ചറെ കഴുത്തറത്തു കൊല്ലുകയും ഭർത്താവ് കളത്തേര കൃഷ്ണനെ കഴുത്തിൽ കുത്തി പരിക്കേൽപിച്ചു കടന്നു കളയുകയുമായിരുന്നു. ജാനകി അണിഞ്ഞിരുന്ന മാല, വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവയാണ് കവർച്ച ചെയ്തത്.
കഴുത്തിന് കുത്തേറ്റ കൃഷ്ണൻ മാസ്റ്റർ ചീമേനി പോലീസ് സ്റ്റേഷനിലും മരുമകനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പ്രദേശവാസികളും ചീമേനി പൊലീസും സ്ഥലത്തെത്തുന്പോഴാണ് വീടിനുള്ളിൽ ചോരയിൽ കുളിച്ച് സോഫയിൽ ബോധമില്ലാതെ കിടക്കുന്ന ജാനകിയെ കണ്ടെത്തുന്നത്. വായയും മുഖവും പ്ലാസ്റ്റർ കൊണ്ടു ഒട്ടിച്ച നിലയിലായിരുന്ന ടീച്ചർ തൽക്ഷണം മരിച്ചു.
അടുത്ത മുറിയിൽ ജാനകിയുടെ ഭർത്താവ് കൃഷ്ണൻ കഴുത്തിനു കുത്തേറ്റ് ചോരയിൽ കുളിച്ച് അവശനായി കിടക്കുന്നതും കണ്ട് ഉടൻ കൃഷ്ണൻ മാസ്റ്ററെ മംഗളൂരു സ്വകാര്യ ആശുപത്രിയിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അന്വേഷണം പല വഴികളിലൂടെ നടന്നെങ്കിലും പ്രദേശവാസികളുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് ആദ്യഘട്ടം മുതൽ അന്വേഷണ സംഘം സംശയിച്ചിരുന്നു.
ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍, അന്വേഷണ മേധാവി ഡിവൈഎസ്പി കെ.ദാമോദരൻ, സിഐമാരും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിവന്നത്. ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസനും സംഘവും ലോക്കൽ പോലീസിനൊപ്പം അന്വേഷണത്തിനുണ്ടായിരുന്നു.
നീതിബോധം കാണിച്ച് വിശാഖിന്റെ പിതാവ്
കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക പി.വി.ജാനകി(67)യുടെ കൊലയാളികളെ കണ്ടെത്തിയത് അവസാന നിമിഷം. അതും ഇപ്പോൾ അറസ്റ്റിലായ യുവാവിന്റെ പിതാവിനുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ.
മാസങ്ങൾ പിന്നിട്ടിട്ടും ജാനകിയുടെ കൊലപാതകികളെ കണ്ടെത്താനാവാതിരുന്നതു പോലീസിനു വലിയ നാണക്കേടുണ്ടാക്കിയതിനു പുറമെ ഒരു വേള അധ്യാപികയുടെ ഭർത്താവ് കളത്തേര കൃഷ്ണനെ പോലും പോലീസും നാട്ടുകാരും സംശയിച്ചിരുന്നു.
പിടിയിലായ രണ്ടു യുവാക്കളും വിദേശത്തേയ്ക്കു കടന്ന യുവാവും അടക്കും മൂന്നു പേരും കൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നാണ് പോലീസ് പറയുന്നത്. പുലിയന്നൂർ ചീർക്കളത്തെ വിശാഖ്, കൊല്ലപ്പെട്ട അധ്യാപികയുടെ അയൽവാസി റെനീഷ്, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ കഴിഞ്ഞ ദിവസം വിശാഖിന്റെ വീട്ടിൽ പിതാവ് ചന്ദ്രൻ പഴയ കടലാസുകൾ തിരയുന്നതിനിടയിൽ പയ്യന്നൂരിലെ ജ്വല്ലറിയിലെ രസീത് കിട്ടിയതാണ് സംശയത്തിനിടയാക്കിയത്.
ഇദ്ദേഹം ചീമേനി ടൗണിൽ കടല വില്പനക്കാരനാണ്. മകനെ രസീതു കാണിച്ച് എന്താണെന്നു ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറഞ്ഞില്ലത്രെ. വീണ്ടും ചോദ്യം ചെയ്തപ്പോൾ ഭീഷണിസ്വരമുയർന്നു. നിർധന കുടുംബാംഗമായ വിശാഖിന് സ്വർണം വിൽക്കാനോ വാങ്ങാനോ ഉള്ള ശേഷിയില്ലെന്നറിഞ്ഞ പിതാവ് ഇക്കാര്യം ചീമേനി പോലീസ് സ്റ്റേഷനിലെത്തി എസ്ഐയോടു പറയുകയായിരുന്നു.
എസ്ഐ ഉടൻ സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി വൈശാഖിനെ സ്റ്റേഷനിലെത്തിച്ചു. പോകുംവഴിയുള്ള ചോദ്യംചെയ്യലിൽ സുഹൃത്ത് റെനീഷ് ഏല്പിച്ച സ്വർണം വില്പന നടത്തിയ രസീതാണിതെന്നു പറയുകയും പോലീസ് സ്റ്റേഷനിലെത്തുന്നതിനു മുന്‍പു തന്നെ വിശാഖിനെകൊണ്ടു ചീമേനിയിലുണ്ടായിരുന്ന റെനീഷിനെ അവിടെ നിന്നും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സ്റ്റേഷനിലെത്തിയതോടെ ഇവർ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞു.
വിദേശത്തേക്കു കടന്ന അരുണാണ് കവർച്ചയുടെയും കൊലപാതകത്തിന്റെയും മുഖ്യസൂത്രധാരനെന്നു വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ഗൾഫിലുണ്ടായിരുന്ന അരുണ്‍ ഏതാനും മാസം നാട്ടിലുണ്ടായിരുന്നു. കൊലപാതക ശേഷം കഴിഞ്ഞ നാലിനാണ് തിരികെപോയത്. പിടിയിലായ റിനീഷ് കയ്യൂർ ഐടിഐയിൽ നിന്നും തൊഴിൽ പരിശീലനം നേടിയിരുന്നു. വിശാഖിനു പ്രത്യേക തൊഴിലൊന്നുമുണ്ടായിരുന്നില്ല. സംഭവം നടന്ന് നാട്ടുകാരും പോലീസും എത്തിയപ്പോൾ മൂവരും സമീപപ്രദേശത്തുണ്ടായിരുന്നതായും നാട്ടുകാർക്കു ബോധ്യമായിട്ടുണ്ട്.