ആലപ്പുഴ: നികുതിഭാരം വർധി പ്പിച്ചും വിലക്കയറ്റം സൃഷ്ടിച്ചും ധൂർത്ത് നടത്തി ഖജനാവ് കാലിയാക്കിയും ഒരു കൊള്ളസംഘത്തിന്റെ തലവനായി കേരള മുഖ്യമന്ത്രി തരം താണിരിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റും ഇന്ത്യൻ പാർലമെന്റിലെ കോൺഗ്രസിന്റെ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
മൂന്നു ദിവസമായി ആലപ്പുഴയിൽ നടന്നുവന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-ാംസംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനജീവിതം ദുഃസഹമാക്കിയ പിണറായി സർക്കാരിനെതിരേയുള്ള പൊതുസമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തിൽ സർവീസ് പെൻഷനേഴ്സ് നേതൃപരമായ പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു.
യോഗത്തിൽ കെപിസിസി സെക്രട്ടറി എസ്. ശരത്, ജെ. ബാബു രാജേന്ദ്രൻ നായർ, ടി. വിനയ ദാസ് കെ.സി. വരദരാജൻപിള്ള, പി. സോമശേഖരൻ നായർ, ജിപരമേശ്വരൻ നായർ, സി.വി. ഗോപി, എ. സലിം എന്നിവർ പ്രസംഗിച്ചു.