കൊല്ലം: കടബാധ്യതയെതുടർന്ന് ട്രാവൽസ് ഉടമ പൊതുനിരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിമരിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപം ട്രാവൽസ് സ്ഥാപനം നടത്തിവന്നിരുന്ന പള്ളിത്തോട്ടം സ്വദേശി വിനോദ് വിൻസന്റ് (54) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12.45നാണ് സംഭവം. തീകൊളുത്തുന്നത് കണ്ട് കെഎസ്ആർടിസി ഡിപ്പോയിലെ ഒരു ജീവനക്കാരൻ ഓടിയെത്തിയെങ്കിലും തീയുമായി വിനോദ് കുറെ ദൂരം നടന്ന് വീഴുകയായിരുന്നു .
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസ്തു പണയപ്പെടുത്തി ബാങ്കിൽനിന്ന് മൂന്നുലക്ഷം രൂപ ലോൺ എടുത്തിരുന്നു.
അടവിന് മുടക്കം വന്നതിനെത്തു ടർന്നു കഴിഞ്ഞദിവസം ബാങ്ക് അധികൃതർ വീട്ടിലെത്തി വീട് ജപ്തി ചെയ്യുമെന്നും വാടക വീട് നോക്കണമെന്നും പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു.
അടുത്തിടെ കുറെ രൂപ അടച്ചെങ്കിലും അത് ബാങ്ക് പലിശയിനത്തിൽ തട്ടിക്കിഴിച്ചതായും ബന്ധുക്കൾ പറഞ്ഞു. കടബാധ്യതയെതുടർന്ന് വിനോദ് വിൻസന്റ് കുറെനാളായി വീട്ടിൽനിന്ന് അകന്നുനിൽക്കുകയാണ്.
നേരത്തെ ട്രാവൽസ് സ്ഥാപനം നടത്തിയിരുന്നതായും പിന്നീട് അതിന്റെ പ്രവർത്തനം നിലച്ചതായും ബന്ധുക്കൾ പറയുന്നു. ഈസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ.