പുനലൂർ: കലയാനാട്ടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നോക്കുകുത്തിയാകുന്നു. പുനലൂരിലേയും സമീപ പ്രദേശങ്ങളിലേയും കാലാവസ്ഥാ വ്യതിയാനങ്ങൾ മനസിലാക്കാനും കാറ്റിന്റെ ഗതി, അന്തരീക്ഷ ഊഷ്മാവ്, മഴ എന്നിവ തിട്ടപ്പെടുത്തുവാനുമായി 60 വർഷം മുന്പ് ആണ് നഗരത്തിൽ ഇത് സ്ഥാപിച്ചത്.
റ്റിബി ജംഗ്ഷന് സമീപം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് മുകളിൽ പ്രവർത്തിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏഴു വർഷം മുന്പ് നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരെ കലയനാട് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. താരതമ്യേന താഴ്ന്ന പ്രദേശമായ ഇവിടെ മരങ്ങളാൽ ചുറ്റപ്പെട്ടതുമായ സ്ഥലവുമാണ്. ഇവിടെ നഗരത്തിലെ അന്തരീക്ഷ ഊഷ്മാവ് ശരിയായി ലഭിക്കില്ല എന്നതാണ് സത്യമെന്നിരിക്കെയാണ് ഈ ഉൾപ്രദേശത്ത് വാടക കെട്ടിടത്തിൽ ഇന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്.
എന്നാൽ പുനലൂർ പട്ടണത്തിലെ അസാധാരണ ചൂടും മഴക്കാല വ്യതിയാനങ്ങളും ശാസ്ത്രലോകത്തിനു പോലും ഇന്നും കണ്ടെത്താൻ കഴിയാത്ത കാര്യമാണ്. കഴിഞ്ഞ വേനലിൽ നഗരസഭ മുൻകൈ എടുത്ത് ശാസ്ത്രകാരന്മാരെ കൊണ്ടുവന്ന് പഠനം നടത്തി എങ്കിലും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ താപനില അനുഭവപ്പെടുന്ന നഗരമാണ് പുനലൂർ.
എന്നാൽ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തുന്ന സ്ഥാപനം മൂന്നു കിലോമീറ്റർ ദൂരെയുമാണ്. പുനലൂരിന്റെ പ്രത്യേക കാലാവസ്ഥ വ്യതിയാനങ്ങൾ രേഖപ്പെടുത്താൻ കാലാവസ്ഥാകേന്ദ്രം നഗരത്തിൽ തന്നെസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു. ഏഴു വർഷം മുന്പെ കലയനാട് ജംഗ്ഷന് സമീപം റോഡരുകിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ രണ്ടു ജീവനക്കാർ ആണ് ഉള്ളത്.
കൂടുതൽ സമയവും അടഞ്ഞുകിടക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം കാര്യക്ഷമമല്ല എന്ന പരാധിയും വ്യാപകമാണ്. ഇവിടെ നിന്നുള്ള അന്തരീക്ഷ ഊഷ്മാവ് തിരുവനന്തപുരത്തെ കേന്ദ്രത്തിൽ അറിയിക്കുകയും ഇവിടെ നിന്നും കൈമാറുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ പുനലൂരിലെ കാലാവസ്ഥ പുറം ലോകത്ത് എത്തിക്കുകയുമാണ് പതിവ്.