കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞുനിർത്തി അതിക്രൂരമായി മർദിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. അടിമാലി സ്വദേശി അജീഷ്(32) ആണ് പിടിയിലായത്. സുഹൃത്തുക്കളും കേസിലെ മറ്റ് പ്രതികളുമായ മൂന്നുപേരെ അന്വേഷിച്ച് കൊച്ചിയിലെത്തിയപ്പോഴാണ് അജീഷ് കുടുങ്ങിയത്. മറ്റുള്ളവർ ഇതിനകം പോലീസ് പിടിയിലായ വിവരം ഇയാൾ അറിഞ്ഞിരുന്നില്ല.
പ്രതി കൊച്ചിയിലെത്തിയതായ വിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തിവരവേ ഇന്നലെ രാത്രി പത്തോടെ നഗരത്തിൽനിന്നും കളമശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാലംഘ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേരെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് തൊഴിയൂർ ഏനക്കാലയിൽ സി.എ. ബഷീർ (റെനീഷ്-29), മാനന്തവാടി പെരിയ മാറാത്തവളപ്പിൽ എം.വി. നൗഷാദ് (25), മൂവാറ്റുപുഴ വാഴക്കുളം കദളിക്കാട് കോട്ടപ്പുറത്ത് പുത്തൻപുര കെ.എസ്. ഷീറോ (29) എന്നിവരാണ് പിടിയിലായിരുന്നത്.
ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരവേയാണ് നാലാമനും പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 16ന് രാത്രി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറും ബഷീറും തമ്മിലുണ്ടായിരുന്ന സാന്പത്തിക തർക്കത്തെ തുടർന്നുള്ള വ്യക്തി വിരോധമാണ് മറ്റു പ്രതികളുമായി ചേർന്ന് കൃത്യം നടത്താൻ കാരണമെന്നു പോലീസ് പറഞ്ഞു.
ഒന്നാം പ്രതി സി.എ. ബഷീർ ഓടിച്ചിരുന്ന യൂബർ ടാക്സിയിലാണ് മറ്റു നാലു പ്രതികൾ ഇടപ്പള്ളി ടോളിൽ എത്തിയത്. രണ്ടുപേർ ഓട്ടോ ഡ്രൈവറെ കുസാറ്റ് ഭാഗത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി. ടാക്സിയിൽ പിന്തുടർന്ന മറ്റു മൂന്നുപേരും കുസാറ്റ് കാന്പസ് റോഡിലെ വിജനമായ സ്ഥലത്തെത്തിയപ്പോൾ ഓട്ടോയ്ക്കു മുന്നിൽ കാർ വട്ടം വച്ചു. തുടർന്ന് പ്രതികൾ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കളമശേരി സിഐ എസ്. ജയകൃഷ്ണന്റെ നിർദേശപ്രകാരം എസ്ഐമാരായ പ്രശാന്ത് ക്ലിന്റ്, ജയചന്ദ്രൻ, സിപിഒമാരായ ടോമി, റക്സിൻ പൊടുത്താസ്, രതീഷ്, അനിൽ, ശ്രീനാഥ് എന്നിവർ ചേർന്നാണു പിടികൂടിയത്. അജീഷിനെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു. മറ്റുള്ളവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങില്ലെന്നും പോലീസ് പറഞ്ഞു.