അഗളി: മദ്യപാനത്തിനിടെയുണ്ടായ വഴക്കിനെതുടർന്ന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം വീടിനുള്ളിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെടുത്തു. അറസ്റ്റുചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അട്ടപ്പാടി താവളം കരിവടത്തിനടുത്ത് മുട്ടിക്കോളനിയിലാണ് സംഭവം. താവളം എരവൻകണ്ടി ഊരിലെ നഞ്ചൻെറ മകൻ മരുതൻ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ താവളം ചിന്നക്കുട്ടി കൗണ്ടറുടെ മകൻ കൃഷ്ണസ്വാമി എന്ന മണി (35) യെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൃത്യം നടത്തിയിട്ടുള്ളതെന്നാണ് മണി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുള്ളത്. ഒരാഴ്ചയോളം പുറംലോകം അറിയാതിരുന്ന സംഭവം ബന്ധുവീട്ടിലെ മദ്യപാനത്തിനിടെ മണി വെളിപ്പെടുത്തുകയായിരുന്നു. അയൽവാസിയാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കൊലപാതക സൂചന ലഭിച്ചു. ഉടൻതന്നെ മണിയെ ഉമ്മത്താംപടിയിലുള്ള ബന്ധുവീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. തുടർന്നു മൃതദേഹം കണ്ടെടുക്കാനായി പോലീസ് നീക്കം ആരംഭിച്ചു.
ഇന്നലെ ഉച്ചയോടെ ഇയാളുടെ കൃഷിസ്ഥലത്തെ വസതിയിൽനിന്നും മൃതദേഹം കണ്ടെത്തി. മുറിയിൽ രണ്ടടി താഴ്ചയിൽ മണ്ണുമാറ്റി മൃതദേഹം കുഴിച്ചിട്ട നിലയിലായിരുന്നു. ദുർഗന്ധം പുറത്തുവരാതിരിക്കുവാൻ ജഡത്തിനു മുകളിൽ ഉപ്പ് വിതറിയിരുന്നു. മരുതനെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ച കൈക്കോടാലിയും കത്തിയും വീടിനോടുചേർന്ന അടുപ്പുചാളയിൽനിന്നും കണ്ടെടുത്തു. വിരലടയാളം ലഭിക്കാതിരിക്കുന്നതിനായി കോടാലിയുടെയും കത്തിയുടെയും പിടി അടുപ്പിൽ കത്തിച്ചുകളഞ്ഞ നിലയിലായിരുന്നു.
കുറ്റം സമ്മതിച്ച പ്രതി, പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിനു കാരണമായതെന്നു പോലീസിനോടു വെളിപ്പെടുത്തി. സംഭവ ദിവസം മണിയുടെ കൃഷിസ്ഥലത്തുള്ള വീട്ടിൽ വച്ച് ഇരുവരും മദ്യപിച്ചിരുന്നു. തുടർന്ന് മരുതൻ മണിയോട് ആയിരം രൂപ കടമായി ആവശ്യപ്പെട്ടു. എന്നാൽ ഇരുനൂറ് രൂപയാണ് മണി നൽകിയത്. മണി പിന്നീടു പുറത്തുപോയി വരുമ്പോൾ മരുതൻ മുറിയിൽ അതിക്രമിച്ചുകയറി പണം എടുക്കുവാൻ ശ്രമിക്കുന്നതാണ് കണ്ടതത്രെ. തുടർന്ന് ഇരുവരുംതമ്മിൽ മൽപ്പിടിത്തം നടന്നു.
സംഘർഷത്തിനിടെ മണി കൈയിൽ കിട്ടിയ കോടാലി കൊണ്ട് മരുതനെ വെട്ടുകയായിരുന്നു. മരുതൻ മരിച്ചെന്നുകണ്ടപ്പോൾ മുറിയിൽ കുഴിച്ചിട്ടു. ജഡം കുഴിച്ചിട്ട മുറിയുടെ സമീപത്തെ മുറിയിലാണ് സംഘർഷം ഉണ്ടായത്. ഇവിടെ ഭിത്തിയിൽ ചോരപ്പാട് കണ്ടെത്തിയിട്ടുണ്ട്. മണ്ണാർക്കാട് തഹസിൽദാർ (ഭൂരേഖ) രാധാകൃഷ്ണൻ നായർ, അഗളി ഡിവൈഎസ്പി. സുബ്രഹ്മണ്യൻ, സിഐ സലീഷ് എൻ. ശങ്കർ എന്നിവരുടെ നേതൃത്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് മേൽനടപടികൾ സ്വീകരിച്ചത്. ഫോറൻസിക് വിഭാഗം അസി.സർജൻ റിനി തോമസ് വിരലടയാള വിദഗ്ധൻ രാജേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.