ആലപ്പുഴ: കേരള ടെക്സ്റ്റൈൽ കോർപറേഷന് കീഴിലെ കോമളപുരം സ്പിന്നിംഗ് മില്ലിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ധനവ്യവസായ മന്ത്രിമാർ നിഷ്ക്രിയത്വം കാട്ടുന്നതായി തൊഴിലാളി യൂണിയനുകൾ. ഇടതു സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷം പിന്നിടുന്പോഴും മില്ലിന്റെ ഭാവി ശോഭനമാക്കാനുള്ള നടപടികൾ ഇരു വകുപ്പുകളുടെയും ഭാഗത്തുനിന്നുണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെടുന്നത്.
350 ൽ പരം തൊഴിലാളികൾ ജോലി നോക്കുന്ന മില്ലിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായി അറിയാവുന്ന ധനമന്ത്രി മൗനം പാലിക്കുന്നതാണ് തൊഴിൽ വകുപ്പ് മില്ലിന്റെ കാര്യം ഗൗരവത്തിലെടുക്കാത്തതിന് കാരണമെന്നാണ് യൂണിയനുകളുടെ നിലപാട്. കഴിഞ്ഞ വർഷങ്ങളിൽ ധന വകുപ്പ് ബജറ്റിൽ കോമളപുരം മില്ലിനായി കോടികൾ വക കൊള്ളിക്കാറുണ്ടെങ്കിലും ഇതിന് സാങ്കേതികാനുമതിയും ഭരണാനുമതിയും നൾകി പണം കഐസ്ടിസിക്ക് ലഭ്യമാക്കിയിരുന്നെങ്കിൽ മില്ല് കാര്യക്ഷമമായി പ്രവർത്തിക്കുമായിരുന്നു.
സ്ഥാപനത്തിൽ നിന്നും സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതുമായി ബന്ധപ്പെട്ട് നൂൽ വാങ്ങിയിരുന്നു. ഈയിനത്തിൽ നൽകാനുള്ള കോടികൾ ലഭിച്ചാൽ മാത്രം സ്ഥാപനത്തിന് പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാമെന്നിരിക്കെ ഇതിനുള്ള അവസരം ഉണ്ടാകാത്തത് വിഷയത്തിലെ സർക്കാർ സമീപനം വ്യക്തമാക്കുന്നു.
വ്യവസായ ധന മന്ത്രിമാരെ പല തവണ മില്ലിലെ പ്രതിസന്ധി വിവിധ തലത്തിൽ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുഭാവ പൂർവമായ സമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നതെന്ന് എഐടിയുസി, ബിഎംഎസ്, ഐഎൻടിയുസി നേതാക്കളായ ടി.ആർ. ആനന്ദൻ, രാജീവ്, ജി.ലാൽ എന്നിവർ അറിയിച്ചു.