പയ്യാവൂർ: കുടക് മലയാളി കൂട്ടായ്മയ്ക്കു കേളി കേട്ട പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിനു മുന്നോടിയായി ഊട്ടറിയിക്കാൻ കോമരത്തച്ചൻ കുടകിലേക്കു പുറപ്പെട്ടു.
ക്ഷേത്രം അധികൃതരും ഭക്തജനങ്ങളും ചേർന്നു കോമരത്തച്ചനെ യാത്രയാക്കി. പരമ്പരാഗത ആചാരങ്ങളോടെയാണു കോമരത്തച്ഛന്റെ കുടക് യാത്ര.
കാട്ടിലൂടെ കാൽനടയായി കുടകിലെത്തി അവിടുത്തേ മുണ്ടയോടൻ, ബഹൂരിയൻ തറവാട്ടുകാരെയും കടിയത്ത് മൂവായിരത്തിനെയും ഊട്ട് അറിയിച്ചതിനു ശേഷമാണു മടങ്ങിയെത്തുക.
ഉൽസവത്തിന്റെ ചെലവിനാവശ്യമായ അരി കാളപ്പുറത്ത് കുടകിലെ പതിനഞ്ചോളം ഗ്രാമങ്ങളിൽ നിന്നാണു കൊണ്ടുവരിക. കോമരത്തച്ചന്റെ ക്ഷണപ്രകാരമാണു കുടകർ കാളകളുമായി പയ്യാവുരിലേക്കു പുറപ്പെടുക.
ഉത്സവാരംഭത്തിന്റെ തലേദിവസം കാളപ്പുറത്തു കൊണ്ടുവരുന്ന അരി കുടകർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നതോടെ 13 ദിവസം നീണ്ടു നിൽക്കുന്ന ഊട്ടുത്സവം തുടങ്ങും.