ഒരു സൈക്കിളിസ്റ്റിന്റെ ഹെൽമറ്റില്‍ ഘടിപ്പിച്ച കാമറയിൽ പതിഞ്ഞ ഒരു പശു സോഷ്യൽ മീഡിയയിൽ താരമായി. ഏഴടിയോളം നീളം വരുന്ന വന്പൻ കൊന്പാണു പശു വൈറലാകാൻ കാരണം. പുബിറ്റി എന്ന എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ കാട്ടിലൂടെയുള്ള ഒറ്റയടി പാതയിലൂടെ സൈക്കിളിസ്റ്റ് പോകുന്നത് കാണാം.
അതിവേഗതയില്‍ കടന്നുപോകുന്നതിനിടെ പെട്ടെന്ന് നീണ്ട കൊമ്പുകളുള്ള ഒരു പശുവിന്റെ മുന്നിലെത്തുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു സൈക്കിളിസ്റ്റ് നിലംപതിക്കുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ പശുവിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. നീളമുള്ള കൊമ്പുകൾക്കു പേരുകേട്ട “ലോംഗ്ഹോൺ’ ഇനത്തിൽപ്പെട്ട പശുവാണിതെന്നു ചിലർ വീഡിയോയക്ക് ചുവടെ കുറിച്ചു.
സ്പെയിന് ആണ് ഈ പശുക്കളുടെ സ്വദേശം. ആദ്യകാല കുടിയേറ്റക്കാരാണ് ഇവയെ അമേരിക്കയില്‍ എത്തിച്ചത്. കഠിനമായ കാലാവസ്ഥകള്‍ക്ക് യോജിച്ച ഇവയ്ക്കു വലിയ കൊന്പാണെങ്കിലും മാംസം കുറവാണത്രെ. 20 മണിക്കൂറിനുള്ളില്‍ നാലര ലക്ഷത്തിനുമേൽ ആളുകളാണു വീഡിയോ കണ്ട് ലൈക്കടിച്ചത്.