തിരുവനന്തപുരം: ഓൾ കേരള ഡ്രൈവേഴ്സ് ഫെഡറേഷൻ സമ്മേളനത്തിനിടെ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകൾ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള ബസുകളാണിതെന്നും കൊന്പൻ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടതെന്നും കണ്ടെത്തി.
ഒക്ടോബർ 12ന് നടന്ന സമ്മേളനത്തിനിടെ മൂന്ന് ബസുകളാണ് അഭ്യസപ്രകടനം നടത്തിയത്. പത്തനംതിട്ട സ്വദേശിയുടെ കൊന്പൻ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടത്. സുജിത് എന്നായാളായിരുന്നു ഇതിന്റ ഡ്രൈവർ. രാജേഷ് എന്നയാളാണ് ഇടികൊണ്ട് വീണതെന്നും, പരാതി നൽകാതെ പണം നൽകി പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും കണ്ടെത്തി. സംഭവത്തിൽ നോട്ടീസ് നൽകിയശേഷം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനാണു തീരുമാനം.
ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനം വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഇരുന്നൂറോളം ബസുകൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഗുരുതര നിയമലംഘനം കണ്ടെത്തിയ 15 ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
അനുവദനീയമായതിലധികം ശബ്ദസംവിധാനം ഉപയോഗിച്ചതിനും അമിതമായി ലൈറ്റുകൾ ഘടിപ്പിച്ചതിനും പുറംബോഡിയിൽ ചിത്രപ്പണികൾ ചെയ്തതും അടക്കമുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ പേരിലാണു കേസെടുത്തത്. അപകടകരമായ തരത്തിൽ ബസിൽ ജനറേറ്ററുകൾ വരെ ഘടിപ്പിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇത്തരം ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണു റദ്ദാക്കിയത്.
ഇവയെല്ലാം നീക്കംചെയ്തു ബസുകൾ വീണ്ടും പരിശോധനയ്ക്കു ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതുവരെ യാത്ര അനുവദിക്കില്ല. പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനം, നിയമവിരുദ്ധ ഘടനാമാറ്റം എന്നിവയ്ക്കാണു കേസെടുത്തിട്ടുള്ളത്. ബസുകൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തും. നിയമവിരുദ്ധമായി പ്രവർത്തിപ്പിക്കുന്നുണ്ടോയെന്നു കണ്ടെത്താൻ റോഡിലും പരിശോധന കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി.