ബംഗളൂരു: കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ ഫ്ലൂറസന്റ് നിറങ്ങൾ ഘടിപ്പിച്ച്, സ്പീക്കറുകളിൽ നിന്ന് വൻ ശബ്ദത്തിൽ പാട്ടുകൾ വച്ച് സഞ്ചരിക്കുകയായിരുന്ന “കൊമ്പൻ’ ബസിനെ കർണാകടയിൽ നാട്ടുകാർ തടഞ്ഞു.
ബംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് നഗരപ്രാന്തത്തിൽ വച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.
ബസിലെ ഫിറ്റിംഗുകൾ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ച നാട്ടുകാർ, മുൻവശത്ത് പതിപ്പിച്ചിരുന്ന ഫ്ലൂറസന്റ് ഗ്രാഫിക്സ് സ്റ്റിക്കറുകൾ ടേപ്പ് കൊണ്ട് മറച്ചതിന് ശേഷമാണ് വിട്ടയച്ചത്.
കേരളത്തിൽ നടന്ന അപകടങ്ങളെത്തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ നിറത്തിലും രൂപത്തിലും മോട്ടർ വാഹന വകുപ്പ് കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു.
ഈ നിയന്ത്രണങ്ങൾ മറികടക്കാന്‍ കൊമ്പൻ ബ്രാൻഡ് ബസുകളുടെ റജിസ്ട്രേഷന് ഈയിടെയാണ് കര്‍ണാടകയിലേക്ക് മാറ്റിയത്.
എന്നാൽ, ബസിലെ ഫിറ്റിംഗ്സുകൾ മാത്രമല്ല പ്രശ്നം ഉണ്ടാക്കിയതെന്നും വിദ്യാർഥികളും നാട്ടുകാരും തമ്മിലുണ്ടായ തർക്കം മൂലമാണ് ബസ് തടഞ്ഞതെന്നും ബസുടമ വിശദീകരിച്ചു.