ഗുരുവായൂർ: കോവിഡ് മഹാമാരിയിൽ നാടിനു മൂന്ന് പൂട്ട് വീണതും തുറന്നതും വീണ്ടും ഒറ്റതാഴിട്ടു പൂട്ടിയതൊന്നും കൊന്പൻ വലിയ മാധവന് പ്രശ്നമല്ല.
വലിയ മാധവൻ സ്വതന്ത്രനായി ആന കോട്ടയിൽ മേഞ്ഞു നടക്കുകയാണ്. കോട്ടയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ മതിയാവോളം പുല്ല് തിന്ന് ഉല്ലസിച്ച് സ്വാതന്ത്ര്യം ആസ്വദിക്കുകയാണ് വലിയ മാധവൻ.
ഒറ്റ ചട്ടക്കാരനായ വലിയ മാധവൻ മറ്റു പാപ്പാൻമാരെ അടുപ്പിക്കാറില്ല. ഏറെക്കാലമായി കെ.വി. സജീവാണ് ആനയെ പരിപാലിക്കുന്നത്. കൊന്പന് ഏകദേശം 70 വയസാണ് പ്രായം കണക്കാക്കുന്നത്.
അതുകൊണ്ടു തന്നെ പല്ലുകൾക്കു ബലക്കുറവുള്ളതിനാൽ പനന്പട്ട തിന്നാൻ ഏറെ പ്രയാസം അനുഭവിക്കാറുണ്ടെന്ന് സജീവ് പറയുന്നു.
ചട്ടക്കാരൻ കെ.വി.സജീവ് 16 ദിവസം ക്വാറന്റീനിലായതോടെ ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
ക്വാറന്റെൻ കഴിഞ്ഞെത്തിയ സജീവൻ ആദ്യം ചെയ്തത് ആനയെ ആനത്താവളത്തിന് പുറത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ അഴിച്ച് വിടുകയായിരുന്നു.
ഇതിന് മാനേജർ എ.കെ. രാധാകൃഷ്ണനും മറ്റ് ഉദ്യോഗസ്ഥരുടേയും പിന്തുണയുമുണ്ട്. രാവിലെ ഒന്പതോടെ മാധവനെ അഴിച്ചുവിട്ടാൽ വൈകീട്ട് നാലിനാണ് തിരികെ കോട്ടയിലേക്ക് കൊണ്ടുപോകുക.
പാർക്കിംഗ് ഗ്രൗണ്ടിൽ ചുറ്റുമതിലും ഗേറ്റുമൊക്കെ ഉണ്ടെങ്കിലും മാധവൻ മേയുന്ന സമയമത്രയും പാപ്പാൻ സജീവന്റെ ഒരു നോട്ടം ആനക്കുമേൽ ഉണ്ടാകും.
വൈകുന്നേരം കോട്ടയിലെത്തിച്ചശേഷം പട്ടയും മറ്റു തീറ്റയും നൽകിയാണ് സജീവ് പോകാറുള്ളത്. കഴിഞ്ഞ ആറ് ദിവസമായി ആന ഇവിടെ മേഞ്ഞ് നടക്കുന്നത് നാട്ടുകാർക്ക് അപൂർവകാഴ്ചയാണ്.
രണ്ടു മാസത്തോളമായി സന്ദർശകരും വാഹനങ്ങളുമൊന്നുമില്ലാത്തതിനാൽ പാർക്കിംഗ് ഗ്രൗണ്ടിൽ വലിയ തോതിൽ പുല്ല് വളർന്നിരിക്കുകയാണ്.
മാധവൻ മേയാനെത്തിയതോടെ പാർക്കിംഗ് ഗ്രൗണ്ടിലെ ഒരു ഭാഗത്തെ പുല്ല് കഴിഞ്ഞു തുടങ്ങി. പുല്ല് മാത്രം തിന്നുന്നതിനാൽ ആനയുടെ ആരോഗ്യ സ്ഥിതിയിലും പുരോഗമനമുണ്ടായി. എരണ്ടം പോകുന്നതിന്റെ അവസ്ഥയും മെച്ചപ്പെട്ടു.
മാധവനെ മേയാൻ വിട്ടത് ഫലം കണ്ട തോടെ മറ്റു ആനകളേയും ഇത്തരത്തിൽ ഇറക്കുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്.