പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ രവിമോഹന് സൈനി അമിതാഭ് ബച്ചന് അവതാരകനായി എത്തിയ കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയത്.
2001ല്‍ ആയിരുന്നു അത്. പ്രായം വെറും പതിനാല്. അന്ന് ബിഗ്ബി ചോദിച്ച 15 ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം പറഞ്ഞ് ഒരു കോടി രൂപയുമായിട്ടാണ് ആ പത്താംക്ലാസുകാരന് മടങ്ങിയത്.
ഒരു കോടി നേടുന്ന ആദ്യ മത്സരാര്‍ഥി എന്ന ബഹുമതിയും അതോടെ ആ കൗമാരക്കാരന് സ്വന്തമായി. അന്നത്തെ ആ പതിനാലുകാരന് ഇന്ന് ഗുജറാത്തിലെ പോര്‍ബന്തറിലെ എസ്.പിയായി ചുമതലയേറ്റിരിക്കുകയാണ്.
ഗുജറാത്ത് കേഡറിലെ 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രവി മോഹന്‍ (33) ബുധനാഴ്ചയാണ് ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം രാജ്കോട്ട് സിറ്റി പൊലീസ് സോണ്‍ 1 ഡെപ്യൂട്ടി കമ്മീഷണറായിരുന്നു.
വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ജയ്പൂരിലെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടി.
പിതാവ് നാവിക സേന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ വിശാഖപട്ടണത്തെ നേവല്‍ പബ്ലിക് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയറില്‍ സൈനി പങ്കെടുത്തത്.
പിതാവിന്റെ പ്രചോദനമാണ് താന്‍ പോലീസ് സേനയില്‍ ചേരാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. 2013ലെ യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷയില്‍ 461-ാം റാങ്ക് നേടിയാണ് ഇദ്ദേഹം ഗുജറാത്ത് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.