കൊണ്ടാഴി: കൊണ്ടാഴി – കുത്താന്പുള്ളി പാലം നിർമാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അനുബന്ധ ചെലവുകൾക്കായി 26,79,266രൂപ അനുവദിച്ചതായി യു.ആർ പ്രദീപ് എംഎൽഎ അറിയിച്ചു. കിഫ്ബിയിൽ നിന്നാണ് തുക അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് നൽകിയത്. 2016 – 17-ലെ ബഡ്ജറ്റിലാണ് കിഫ്ബി പദ്ധതിയായി പാലം നിർമാണം പ്രഖ്യാപിച്ചത്.
കൊണ്ടാഴി കണിയാർക്കോട് വില്ലേജുകളിലായി 2.4142 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതിനായി റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടുണ്ട്.സർവേക്കും സാമൂഹ്യ അവബോധന പഠനത്തിനുമായി ഇപ്പോൾ അനുവദിച്ച തുക ഉപയോഗിക്കും. തുക ലഭിച്ചതിനെ തുടർന്ന് തുടർ നടപടികൾ സജീവമാക്കാൻ എംഎൽഎ യു.ആർ പ്രദീപ് ജില്ലാ കളക്ടർക്ക് കത്ത് നൽകി.