കൊണ്ടോട്ടി: കൊണ്ടോട്ടിയ്ക്കടുത്തു മോങ്ങത്ത് ഇന്നലെ വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിന്റെ അന്വേഷണം മലപ്പുറം ജില്ലയുടെ പുറത്തേക്കും. ലോറിയിൽ നിന്നും മര ഉരുപ്പുടികൾ കൂട്ടിയിട്ട മോങ്ങത്തെ ഗോഡൗണിൽ നിന്നുമാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.
കേസിൽ അറസ്റ്റിലായ ലോറി ഡ്രൈവർ കാസർഗോഡ്് കടുമ്മനി തോട്ടുമണ്ണിൽ ജോർജ്(40), കർണാടക കൽക്കര ചിക് മംഗ്ലൂർ ഹക്കീം(32) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നു പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആലത്തൂർപടി സ്വദേശി ബാസിതിന്റെ നിയന്ത്രണത്തിലുള്ളതാണ് ഗോഡൗണ്‍ എന്നു പോലീസ് കണ്ടെത്തി. വിവരമറിഞ്ഞു ഇയാൾ ഒളിവിലാണ്.
ബാസിത്തിനെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അയൽജില്ലകളിലേക്കും അനേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ലോറിയിൽ എത്തിച്ച സ്ഫോടക വസ്തുക്കളും ജൈവ വളവും മോങ്ങത്തെ മരത്തിന്റെ ഗോഡൗണിൽ ഇറക്കാനാണ് ആവശ്യപ്പെട്ടതെന്ന് പിടിയിലായവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഗോഡൗണ്‍ ഉടമയും മറ്റും ചേർന്നു മലപ്പുറം മൈലാടിയിൽ ക്വാറി നടത്തുന്നുണ്ട്. ഇതിനുവേണ്ടിയാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇയാളെ പിടികൂടി ചോദ്യം ചെയ്താലേ വ്യക്തമായ വിവരം ലഭിക്കൂ. രണ്ടിടങ്ങളിൽ നിന്നുമായി 10,000 ഓർഡിനറി ഡിറ്റനേറ്ററും 7000 ഇലക്ട്രോണിക് ഡിറ്റനേറ്ററും 6750 കിലോ ജലാറ്റിൻ സ്റ്റിക്കും 59917.5 നീളത്തിൽ സേഫ്റ്റി ഫ്യൂസുമാണ് പിടികൂടിയത്.
ഇത്രയധികം സ്ഫോടക വസ്തുക്കൾ എത്തിച്ചത് എന്തിനാണെന്നും ആർക്കെല്ലാം വിതരണം ചെയ്യുന്നുവെന്നും കണ്ടെത്തേണ്ടതുണ്ട്. സ്ഫോടക വസ്തുക്കളെത്തിച്ച കെ.എ.46.5639 നന്പർ ലോറി പോലീസ് കസ്റ്റഡിയിലാണ്. സ്ഫോടക വസ്തുക്കൾ മുന്‍പും എത്തിച്ചിരുന്നതായി ബന്ധപ്പെട്ടും അന്വേഷിക്കുമെന്നു കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ പറഞ്ഞു.
ക്വാറികളിൽ ഉപയോഗിക്കാൻ ലൈസൻസുളളവർക്ക് സൂക്ഷിക്കാൻ പരിമിതികളുണ്ട്. എന്നാൽ ഏഴു ടണ്‍ സ്ഫോടക വസ്തുക്കൾ ഒരു സുരക്ഷയുമില്ലാതെ എത്തിച്ചതും സൂക്ഷിച്ചതും പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുളള സ്ഫോടക വസ്തുക്കളാണ് പിടിയിലായതെന്ന് മലപ്പുറം ഡിവൈഎസ്പി തോട്ടത്തിൽ ജലീൽ അഭിപ്രായപ്പെട്ടത്.
കർണാടകയിൽ നിന്നു സ്ഫോടക വസ്തുക്കൾ അതിവിദഗ്ദമായി കടത്തിയതു ജൈവവളത്തിന്റെ മറവിലാണ്. ചെക്ക് പോസ്റ്റുകളിൽ കോഴികാഷ്ഠം, ആട്ടിൻ കാഷ്ം തുടങ്ങിയ ജൈവ വളങ്ങളുടെ ചാക്കുകൾക്ക് ഇടയിലാണ് വൻ സ്ഫോടക ശേഖരം പോലീസ് പിടികൂടിയത്. വാഹനത്തിന്റെ വശങ്ങളിലും മുകളിലും വളത്തിന്റെ ചാക്കുകൾ നിറച്ചു അതിന്റെ മധ്യത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച പെട്ടികളായിരുന്നു. 75 ജൈവവളത്തിന്റെ ചാക്കുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു കൊണ്ടോട്ടി എസ്ഐ രഞ്ജിതും സംഘവും ലോറി ദേശീയപാത മോങ്ങത്തിന് സമീപത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്. തുടർന്നു പരിശോധന നടത്തിയപ്പോൾ ജൈവവളത്തിന്റെ ചാക്കുകളാണ് ആദ്യം കാണപ്പെട്ടത്. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ ഭയന്നതോടെ കൂടുതൽ ചാക്കുകൾ മാറ്റിയിട്ട് പരിശോധിച്ചതോടെയാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. ലോറി പിന്നീട് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി തൊഴിലാളികളെ ഉപയോഗിച്ചു സാമഗ്രികൾ പുറത്തെടുക്കുകയായിരുന്നു.
പിന്നീട് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗോഡൗണിനെ കുറിച്ച് അറിയുന്നതും പരിശോധന നടത്തുന്നതും. രണ്ടിടങ്ങളിൽ നിന്നായി ഏഴ് ടണ്‍ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. അതേസമയം പിടികൂടിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതും വിൽക്കുന്നതും കോടതി നിർദേശത്തിലായിരിക്കും. ജില്ലയിൽ ഇത്ര കൂടുതൽ സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാനാകില്ല. ആയതിനാലാണ് കോടതിയുടെ നിർദേശം തേടുന്നത്. കോടതി നിർദേശത്തിൽ നിർവീര്യമാക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യും.
ഡിവൈഎസ്പിമാരായ തോട്ടത്തിൽ ജലീൽ, വി.എ.കൃഷ്ണദാസ്, സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സിഐ സി.യൂസുഫ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നും വിദഗ്ധ സംഘം പരിശോധന നടത്തും. സിഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ എസ്ഐ കെ.ആർ. രഞ്ജിത്, ഉദ്യോഗസ്ഥരായ അശ്റഫ് ചുക്കാൻ, സുലൈമാൻ തുടങ്ങിയവർ ഗോഡൗണിലും നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.