കൊല്ലം: കൊങ്കൺ പാതയിൽ രത്നഗിരി മേഖലയിലെ ദിവാൻ ഖവതി – വിൻഹരെ സെക്ഷനിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് കേരളത്തിലേക്കുള്ള അഞ്ച് ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ഇന്നലെ വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ ഇക്കാര്യത്തിൽ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.
ലോകമാന്യ തിലകിൽ നിന്ന് ഇന്നലെ പുറപ്പെട്ട തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് കല്യാൺ, ലോണാവാല, ഗുണ്ടക്കൽ, റെനിഗുണ്ട , ജോലാർപ്പേട്ട്, ‘പാലക്കാട്, ഷൊർണൂർ വഴിയാണ് എത്തുക. ഹസ്രത് നിസാമുദീൻ – തിരുവനന്തപുരം 12432 രാജധാനി എക്സ്പ്രസ് പൻവേൽ, ‘ലോണാവാല, ദൗണ്ട് ജംഗ്ഷൻ വഴിയാണ് തിരിച്ചു വിട്ടിട്ടുള്ളത്. ഈ വണ്ടി വാടി, ഗുണ്ടക്കൽ, റെനിഗുണ്ട , ജോലാർപേട്ട, പാലക്കാട്, ഷൊർണൂർ വഴി തിരുവനന്തപുരത്ത് എത്തും.
12618 ഹസ്രത്ത് നിസാമുദീൻ – എറണാകുളം എക്സ്പ്രസ് ഭുസാവൽ ജംഗ്ഷൻ വഴിയാണ് തിരിച്ച് വിട്ടിട്ടുള്ളത്. മൻമദ് ജംഗ്ഷൻ, ദൗണ്ട് ജംഗ്ഷൻ, ഗുണ്ടക്കൽ, ജോലാർ പേട്ട വഴി ഈ ട്രെയിൻ കേരളത്തിൽ എത്തും. 16335 ഗാന്ധിധാം -നാഗർകോവിൽ എക്സ്പ്രസും കല്യാൺ, ലോണാവാല , പൂനെ ജംഗ്ഷൻ വഴി തിരിച്ചു വിട്ടു.
12284 ഹസ്രത്ത് നിസാമുദീൻ – എറണാകുളം ജംഗ്ഷൻ എക്സ്പ്രസും കല്യാൺ, ലോണാവാല, ദൗണ്ട് ജംഗ്ഷൻ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു. മണ്ണിടിച്ചിൽ ഉണ്ടായത് കാരണം പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടുണ്ട്. വഴി തിരിച്ച് വിട്ട വണ്ടികൾ അനിശ്ചിതമായി വൈകി ഓടാനും സാധ്യതയുണ്ട്.
ട്രെയിനുകൾ പുറപ്പെടാൻ വൈകും
കൊല്ലം: തിരുനെൽവേലിയിൽ നിന്ന് ഇന്ന് രാവിലെ 5.15 ന് പുറപ്പെടേണ്ട ജാംനഗർ എക്സ്പ്രസ് വൈകുന്നേരം 5.30 ന് ആയിരിക്കും തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുക. എറണാകുളത്ത് നിന്ന് ഇന്ന് രാവിലെ 10.30 ന് പുറപ്പെടേണ്ട മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഉച്ചകഴിഞ്ഞ് മൂന്നിനായിരിക്കും പുറപ്പെടുകയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.