ജനീവ: എം പോക്സ് രോഗഭീതിക്കു പിന്നാലെ ആശങ്കയായി കുട്ടികളെ ബാധിക്കുന്ന പകർച്ചവ്യാധി ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പടരുന്നു. 14 വയസിനു താഴെയുള്ള കുട്ടികളിലാണു രോഗബാധ കൂടുതൽ.
തലവേദന, പനി, കഫക്കെട്ട്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ പനിലക്ഷണങ്ങളാണ് അണുബാധിതർ പ്രകടിപ്പിക്കുന്നത്. രോഗം ബാധിച്ച് ഇതിനോടകം നിരവധിപ്പേര്‍ക്ക് ജീവന് നഷ്ടമായെന്നാണു റിപ്പോർട്ട്. എന്നാൽ, ഇതെന്തു രോഗമാണെന്നു ഗവേഷകർക്കു വിലയിരുത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് കോംഗോയിൽ ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. നവംബറിൽ കോംഗോ ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയ്ക്ക് രോഗത്തെക്കുറിച്ച് വിവരം നല്കി. ഏകദേശം അഞ്ഞൂറോളം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
വന്യമൃഗങ്ങളുമായി ബന്ധമുള്ളവർക്കാണു രോഗം ബാധിച്ചതെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽനിന്നു ശേഖരിച്ച സാമ്പിള്‍ പരിശോധിക്കുകയാണെന്നു ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിദഗ്ധസംഘത്തെ കോംഗോയിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.