പള്ളുരുത്തി: ലന്താന തണ്ടിൽ (കൊങ്കിണി) നിർമിച്ച 30ഓളം ആനകളുടെ പ്രദർശനം ഫോർട്ടുകൊച്ചി കടപ്പുറത്ത് ആരംഭിച്ചു. ആനകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ദ് റിയൽ എലിഫന്റ് കളക്ടീവും ദ എലിഫന്റ് ഫാമിലിയും ചേർന്നാണു വനത്തിനും വന്യമൃഗങ്ങൾക്കും ഭീഷണിയായി വളരുന്ന ലന്താന എന്ന പാഴ്ച്ചെടി ഉപയോഗിച്ച് ആനകളെ നിർമിച്ചിരിക്കുന്നത്. കൊങ്കിണിക്കു പുറമെ അരിപ്പൂച്ചെടിയെന്നും ഇതറിയപ്പെടുന്നു.
പ്രകൃതിയിൽ ആനകളും മനുഷ്യനും തമ്മിലുള്ള ബന്ധവും ലന്താന ചെടികളുടെ ദൂഷ്യവശങ്ങളും വിശദീകരിക്കുന്നതിനൊപ്പം ആദിവാസികൾക്കൊരു വരുമാനവും പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നു. വിഷാംശമുള്ള ലന്താന ചെടികൾ ആഫ്രിക്കയിൽനിന്നു ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെത്തിച്ചതെന്നു കരുതുന്നതായി ഗൂഡല്ലൂർ കേന്ദ്രമായുള്ള ഗവേഷണ സ്ഥാപനമായ ഷോള ട്രസ്റ്റിലെ ഗവേകരായ ഐറിനും താഷി തെക്കേക്കരയും പറഞ്ഞു.
വനങ്ങളിലും മറ്റും ഇതിന്റെ വ്യാപനം ആദിവാസികൾക്കും തിരിച്ചടിയായ സാഹചര്യത്തിലാണു ലന്തചെടിവള്ളികൾക്കൊണ്ട് ആനരൂപ നിർമാണ പദ്ധതി തുടങ്ങിയത്. ചെടിയുടെ തണ്ട് വേവിച്ചെടുത്തു കൃത്രിമ നിറങ്ങൾ ചേർക്കാതെയാണു നിർമാണം. മൈസൂർ വനാന്തരങ്ങളിലും ഗൂഡല്ലൂരിലുമുള്ള പനിയ, ബേട്ടക്കുറുമ്പ, സോലിഗ സമുദായങ്ങളിൽപ്പെട്ട ഏഴുപതിലേറെ ആദിവാസി കലാകാരൻമാരാണ് ആനകളെ നിർമിക്കുന്നത്.
നിലവിൽ 101 ആനകളെ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രദർശനത്തിനുശേഷം ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ ആനകളുടെ പ്രദർശനം നടത്തും. 2020 ൽ ഇംഗ്ലണ്ടിലെ വിക്ടോറിയ, ആൽബർട്ട് മ്യൂസിയം, ലണ്ടനിലെ റോയൽ പാർക്ക് എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും.
2021 അമേരിക്കയിൽ നടത്തുന്ന പ്രദർശനത്തിനു ശേഷം സാൻഫ്രാൻസിസ്കോയിൽ എത്തിക്കുന്ന ആനകളെ അവിടെവച്ചു ലേലം ചെയ്യും. ആനകളെ ലേലം ചെയ്ത് ലഭിക്കുന്ന തുക ഏഷ്യൻ എലിഫന്റ്സ് ഫണ്ടിനു കൈമാറും. ഫോർട്ടുകൊച്ചിയിലെ ആനകളുടെ പ്രദർശനം ഫെബ്രുവരി 28 വരെ തുടരും.