പത്തനംതിട്ട: കോന്നി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ഐ ഗ്രൂപ്പ് കെപിസിസിക്കും എഐസിസിക്കും പരാതി അയച്ചു.
നേരത്തെ കോന്നിയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപി നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ എ ഗ്രൂപ്പ് കെപിസിസിക്കു പരാതി നല്‍കിയിരുന്നു.
കോന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അടൂര്‍ പ്രകാശിന്റെ ഇടപെടല്‍ വേണ്ടെന്നും റോബിന് പീറ്റര്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുണ്ടായ പ്രതികരണം പാര്‍ട്ടി മര്യാദകളുടെ ലംഘനമാണെന്നുമാണ് എ ഗ്രൂപ്പിന്റെ വാദം.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചാനലുകള്‍ക്ക് മുമ്പില്‍ പരസ്യ പ്രതികരണം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, എം.എസ്. പ്രകാശ് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഐ ഗ്രൂപ്പ് രംഗത്തെത്തിയത്.
അടൂർ പ്രകാശിനെ അവഗണിച്ചത്
കോന്നിയില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ ഒഴിവാക്കി ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിന് സീറ്റ് നല്‍കുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രണ്ട് ഗ്രൂപ്പുകളും തമ്മിലുണ്ടായ അകല്‍ച്ച ഇനി പരിഹരിക്കപ്പെട്ടിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു ഗ്രൂപ്പുകളും ചേരിതിരിഞ്ഞ് കരുക്കള്‍ നീക്കിയിരുന്നു. യുഡിഎഫ് കോട്ടയായിരുന്ന പല മേഖലകളിലും വന്‍ പരാജയവും സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ടും പരാതികളുടെ പ്രവാഹമായിരുന്നു.
ഇതിനിടെയിലാണ് ഇത്തവണ ഐ ഗ്രൂപ്പ് കോന്നി മണ്ഡലം തിരികെ പിടിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതു പൂര്‍ണമായി അംഗീകരിച്ചു കൊടുക്കാന്‍ എ വിഭാഗം നേതാക്കള്‍ തയാറുമല്ല.
ജയസാധ്യത പരിഗണിച്ച് റോബിന് പീറ്റര്‍ സ്ഥാനാര്ഥിയാകണമെന്നാവശ്യമാണ് ഐ വിഭാഗത്തിനുള്ളത്. അടൂര്‍ പ്രകാശിന്റെ പൂര്‍ണ പിന്തുണയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കു മാത്രമേ കോന്നിയില്‍ ജയസാധ്യതയുള്ളൂവെന്നാണ് അവരുടെ നിഗമനം.
എന്നാല്‍ അടൂര്‍ പ്രകാശിന്റെ സ്വാധീനം എ വിഭാഗം അംഗീകരിക്കുന്നതുമില്ല. 25 വര്‍ഷം കോന്നിയില്‍ എംഎല്‍എ ആയിരുന്ന പ്രകാശിനെ മറികടന്നുള്ള സ്ഥാനാര്‍ഥി നിര്‍ണയം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.
പറഞ്ഞതു കേട്ടിരുന്നെങ്കിൽ
അടൂര്‍ പ്രകാശ് ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കാത്ത ചില നേതാക്കളാണ് അദ്ദേഹത്തിനെതിരായി അനാവശ്യ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ് ആരോപിച്ചു .
ഉപതെരഞ്ഞെടുപ്പില്‍ അടക്കം അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് താനടക്കമുള്ളവര്‍ വില കൊടുത്തിരുന്നുവെങ്കില്‍ എങ്കില്‍ കോന്നിയില്‍ നിന്ന് അതിശക്തനായ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടാകുമായിരുന്നുവെന്നും ജ്യോതി പ്രസാദ് പറഞ്ഞു.
ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് സമയത്തും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി എന്നുള്ള രീതിയില്‍ ജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിയായി റോബിന് പീറ്ററിന്റെ പേര് അടൂര്‍പ്രകാശ് പ്രതിപാദിച്ചത് യാതൊരു അച്ചടക്ക ലംഘനവും അല്ലെന്നും യാഥാര്‍ഥ്യം മനസിലാക്കി ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.