പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലുവയസുകാരന് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ പ്രകടം. ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കും.അടൂര്‍ കടമ്പനാട് സ്വദേശി അജിയുടെ മകന് അഭിറാമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആനക്കൂട് കാണാനെത്തിയ സംഘത്തിലെ അംഗമായിരുന്നു അഭിറാം.
കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചപ്പോള്‍ ഇളകി കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ അമ്മ ശാരിക്കും ബന്ധുക്കള്‍ക്കുമൊപ്പം കല്ലേലി അപ്പൂപ്പന്‍കാവ് ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനായി തൂണില്‍ പിടിച്ചിരുന്നതായി പറയുന്നു. നാലടിയോളം ഉയരമുള്ള തൂണ് ഇളകി കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു.
ആനത്താവള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. ഇതു നന്നായി ഉറപ്പിച്ചിരുന്നില്ല. നൂറുകണക്കിനാളുകളാണ് ദിവസവും ആനക്കൂട് സന്ദര്‍ശിക്കാനെത്തുന്നത്.അവധിക്കാലമായതിനാല്‍ കുട്ടികളുടെ നല്ല തിരക്കാണ് ദിവസവും ഉണ്ടാകുന്നത്.
അപകടത്തെത്തുടര്‍ന്ന് ആനത്താവളം താത്കാലികമായി അടച്ചു.സംഭവത്തില്‍ വനംമന്ത്രി ഇന്നലെതന്നെ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് മന്ത്രിയോടു വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.
അഭിറാമിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന് അജി വിദേശത്താണ്. അജി എത്തിയശേഷമേ സംസ്കാരം നടക്കുകയുള്ളൂ.