പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്ത് കോന്നി നിയോജകമണ്ഡലത്തിന്റെ ദിശാസൂചികയാണ്. യുഡിഎഫിന്റെ കരുത്തുറ്റ മണ്ണാണ് പ്രമാടം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്ന് കോന്നിയിലേക്കുള്ള പാതയിലാണ് ഈ പഞ്ചായത്ത് പ്രദേശം. വിസ്തൃതമായ പഞ്ചായത്താണെങ്കിലും രാഷ്ട്രീയമായ ചേരിതിരിവ് തെരഞ്ഞെടുപ്പുകളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. കുറഞ്ഞകാലം കൊണ്ട് വികസന രംഗത്തും സാമൂഹിക മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ച പഞ്ചായത്ത് പ്രദേശവുമാണ് പ്രമാടം.
ഇത്തവണ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട പ്രദേശം കൂടിയായിരുന്നു പ്രമാടം. കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടവരിൽ ഒരാൾ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ റോബിൻ പീറ്ററെയാണ്. എന്നാൽ അയൽക്കാരനായ പി. മോഹൻരാജിനാണ് സ്ഥാനാർഥിത്വം ലഭിച്ചത്. പ്രമാടത്ത് റോബിൻ പീറ്റർ തന്നെ യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. 19 വാർഡുകളാണ് പഞ്ചായത്തിനുള്ളത്. ഇതിൽ 11 വാർഡിലും യുഡിഎഫ് മെംബർമാരാണ്. എൽഡിഎഫിന് എട്ട് മെംബർമാരാണുള്ളത്.
രാഷ്ട്രീയത്തിനതീതമായ ഐക്യവും പിന്തുണയും പ്രകടമാകുന്ന ഭരണസമിതികളിലൊന്നാണ് പ്രമാടം. ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിലാണ് യുഡിഎഫും എൽഡിഎഫും.ക്കുറി പഞ്ചായത്തു പ്രദേശം കൈപ്പിടിയിലൊതുക്കാമെന്ന മോഹത്തിലാണ് എൽഡിഎഫ്. വാശിയേറിയ പോരാട്ടത്തിനൊരുങ്ങുകയാണ് ബിജെപി. കോന്നി മണ്ഡലത്തിന്റെ പ്രവേശന കവാടം കൂടിയാണ് പ്രമാടം. കായികരംഗത്ത് ദേശീയ ശ്രദ്ധയാകർഷിച്ച രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം പ്രമാടത്താണ്.
ഇതോടനുബന്ധിച്ച് നിർമിച്ചിട്ടുള്ള കെട്ടിടങ്ങളും മറ്റും നാടിന്റെ വികസനരംഗത്ത് പ്രതീക്ഷകളേറെ സമ്മാനിച്ചവയാണ്. സംസ്ഥാന സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണത്തിലുള്ള പഠനകേന്ദ്രം അടക്കം പ്രമാടത്ത് സ്ഥിതി ചെയ്യുന്നു.
സർക്കാർ സ്ഥാപനങ്ങളുടെയും ആങ്കണവാടികളുടെയും മുഖച്ഛായയിൽ കുറഞ്ഞകാലം കൊണ്ട് മാറ്റമുണ്ടായി. റോഡുകൾ ഉന്നതനിലവാരത്തിലായി. വികസനരംഗത്തെ പുരോഗതി ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമാണ് ബിജെപി പഞ്ചായത്തിൽ നടത്തിയത്. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ 440 വോട്ടിന്റെ ലീഡ് യുഡിഎഫിനുണ്ടായിരുന്നു. യുഡിഎഫ് നേടിയത് 7443 വോട്ടാണ്.എൽഡിഎഫിന് 6169 വോട്ടും ബിജെപിക്ക് 7003 വോട്ടും ലഭിച്ചിരുന്നു. അടൂർ പ്രകാശിന് 1996 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ പ്രമാടം വ്യക്തമായ ഭൂരിപക്ഷം തന്നെ നൽകിയിരുന്നു.
2011, 2016 തെരഞ്ഞെടുപ്പുകളിൽ വൻ മുന്നേറ്റമാണ് പഞ്ചായത്തിലുണ്ടായത്. ഇത് ഇത്തവണയും നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാർഥിക്കുള്ളത്. എന്നാൽ വ്യക്തിബന്ധങ്ങളും യുവസ്ഥാനാർഥിയെന്ന പരിഗണനയും മുതൽക്കൂട്ടാകുമെന്ന് എൽഡിഎഫിന്റെ കെ.യു. ജനീഷ് കുമാറും കണക്കുകൂട്ടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലൂടെ സ്ഥാപിച്ചെടുത്ത ബന്ധങ്ങളും ബിഡിജഐസിന്റെ പിന്തുണയുമാണ് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ പ്രതീക്ഷ.