പത്തനംതിട്ട: കോന്നി കേന്ദ്രീയ വിദ്യാലയത്തിനു വേണ്ടിയുളള കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി രമേശ് പൊക്രിയാലുമായി ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര ഗവണ്മെന്റ് പ്ലാനിംഗ്, ഡിസൈനിംഗ് ചുമതല വഹിക്കുന്ന നാഷണല്‍ പ്രോജക്ട് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് തയാറാക്കിയതും 29 കോടി രൂപ ചെലവു വരുന്നതുമായ പ്ലാനും എസ്റ്റിമേറ്റും ഡിസൈനും അംഗീകരിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
63930.93 ചതുരശ്ര അടിയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം ഉയരുന്നത്. ഇതില്‍ 52599 ചതുരശ്ര അടി സ്കൂള്‍ കെട്ടിടവും 8962.46 ചതുരശ്ര അടി അധ്യാപകര്‍ക്കുളള താമസസ്ഥലവും 2368 ചതുരശ്ര അടി കാന്റീൻ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്ക്കുവേണ്ടിയുള്ളതുമാണ്. എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ 24 ക്ലാസ്് മുറികള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, അധ്യാപകര്‍ക്കു താമസിക്കാനുളള 17 ക്വാര്‍ട്ടേഴ്സ് എന്നിവയാണുണ്ടാകുക.
സ്കൂളിനോടു ചേര്‍ന്ന് നിര്‍മിക്കുന്ന കളിക്കളത്തില്‍ ഫുട്ബോള്‍ കോര്‍ട്ട്, അത്ലറ്റിക് ട്രാക്ക്, ലോണ്‍ ടെന്നിസ് കോര്‍ട്ട്, ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവയടങ്ങുന്ന സ്പോര്‍ട്സ് കോംപ്ലക്സുമുണ്ടായിരിക്കും ഐരവണ്‍ വില്ലേജിന്റെ ഗ്രാമീണ ഭംഗി മുഴുവന്‍ ഉള്‍ക്കൊണ്ടു കൊണ്ട് മനോഹരമായ ഡിസൈനാണ് രൂപം നല്കിയിരിക്കുന്നതെന്ന്് ആന്റോ ആന്റണി എംപി അറിയിച്ചു.