കോന്നി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോന്നിയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു പിന്നാലെ ഉടലെടുത്ത ചേരിതിരിവ് നിയമസഭ തെരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു തിരിമറി ആരോപണം കൂടി ഉയര്‍ന്നതോടെ നടപടികളിലേക്കും കടന്നു.
തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ വിഷയങ്ങള്‍ കൂടുതല്‍ വഷളായേക്കുമെന്നും പറയുന്നു. വോട്ട് കുറയുന്ന മേഖലകളില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നേതാക്കളും നല്‍കുന്നുണ്ട്. കഴിഞ്ഞദിവസം ഏരിയാ, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ വരെയെത്തി. ഇതിനു പിന്നാലെ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുത്തു.
ഏരിയാ കമ്മിറ്റിയംഗത്തെ വീടുകയറി മര്‍ദിച്ചുവെന്ന പരാതിയിലാണ് നടപടി. സിപിഎംസ്ഥാനാര്ഥിയെ പരാജയപ്പെടുത്താന്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം ശ്രമിച്ചുവെന്ന് ആരോപണത്തേ തുടര്‍ന്നുള്ള വിഭാഗീയതയാണ് കൈയാങ്കളിയിലുമെത്തിയത്.
ഇതോടെ മുഖം രക്ഷിക്കാന്‍ അരുവാപ്പുലം ലോക്കല്കമ്മറ്റിയംഗത്തെ ഒരുവര്‍ഷത്തേക്ക് സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഏരിയാകമ്മറ്റിയംഗത്തെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു എന്നകുറ്റം ചുമത്തിയാണ് സസ്പെന്ഷന്. ലോക്കല്‍കമ്മറ്റിയുടെ തീരുമാനം കഴിഞ്ഞദിവസം ചേര്‍ന്ന ഏരിയാകമ്മറ്റി അംഗീകരിച്ചു.
അതേസമയം ഏരിയാകമ്മറ്റിയംഗം വോട്ടുമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം സംബന്ധിച്ച് ഇന്ന് കമ്മറ്റി ചേര്‍ന്ന് ചര്‍ച്ചചെയ്യുമെന്നാണ് സൂചന. കുമ്മണ്ണൂര്‍, വള്ളിക്കോട്, കൊക്കാത്തോട് എന്നീ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതിരുന്ന സിപിഎം ഏരിയാ കമ്മിറ്റിയംഗം വോട്ട് മറിക്കാന്‍ ശ്രമം നടത്തിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ച പരാതി.
വോട്ടു മറിക്കലിനെ സംബന്ധിച്ചു ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണത്തെ സംബന്ധിച്ചും ഏരിയാ, ലോക്കല്‍ കമ്മിറ്റിയംഗങ്ങൾ തമ്മില്‍ ഫോണിലൂടെ തര്‍ക്കിക്കുകയും വെല്ലുവിളിയും ഭീഷണിപ്പെടുത്തലും നടത്തുകയും ചെയ്യുന്ന ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ വോട്ട് നഷ്ടപ്പെട്ടെന്ന തരത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാര്‍ തന്നെ പ്രസ്താവനയുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ആരോപണ വിധേയനായ ഏരിയാ കമ്മിറ്റിയംഗം.
പാര്‍ട്ടിയിലും സഹകരണ മേഖലയിലും മെച്ചപ്പെട്ട സ്ഥാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു കാലയളവ് മുതല്‍ സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളും ഇദ്ദേഹവും തമ്മില്‍ തര്‍ക്കങ്ങള്‍ നിലവിലുണ്ട്.
എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ച അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകയെ കൊണ്ടുവന്നതിനെതിരെയും ഒരുവിഭാഗം പരസ്യ നിലപാടെടുത്തിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പു കാലയളവിലും സജീവ ചര്‍ച്ചാവിഷയമായതാണ്.