പത്തനംതിട്ട: കോന്നിയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ ആരംഭിക്കാൻ എൽഡിഎഫ് ജില്ലാ യോഗം തീരുമാനിച്ചു. ജൂലൈ ആദ്യവാരം എൽഡിഎഫ് കോന്നി നിയോജകമണ്ഡലം കമ്മിറ്റി ചേരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകരെ സജ്ജരാക്കി പ്രചാരണരംഗത്തിറക്കാനാണ് തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ പോരായ്മകൾ വിലയിരുത്തിക്കൊണ്ടായിരിക്കും ഉപതെരഞ്ഞെടുപ്പിനൊരുങ്ങുക. എന്നാൽ ശബരിമല വിഷയം പത്തനംതിട്ടയിൽ മറികടക്കാനായിട്ടുണ്ടെന്ന നിഗമനമാണ് എൽഡിഎഫ് ജില്ലാ കമ്മിറ്റിക്കുള്ളത്.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ ബിജെപി മൂന്നുലക്ഷത്തോളം വോട്ടുകൾ നേടിയപ്പോഴും രണ്ടാംസ്ഥാനം നിലനിർത്തി ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാനായത് നേട്ടമാണെന്നാണ് എൽഡിഎഫ് യോഗം വിലയിരുത്തിയതെന്ന് ജില്ലാ കണ്‍വീനർ അലക്സ് കണ്ണമല പറഞ്ഞു. കോന്നി നിയോജകമണ്ഡലം എൽഡിഎഫിന് അപ്രാപ്യമായ പ്രദേശമല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ നേരിയ ലീഡ് മറികടക്കുക എളുപ്പമാണെന്നും കണ്‍വീനർ അഭിപ്രായപ്പെട്ടു.
എന്നാൽ ശബരിമല വിഷയം കോന്നി ഉപതെരഞ്ഞെടുപ്പിനു മുന്‍പായി മറികടക്കാൻ ശ്രമിക്കണമെന്നാണ് കോന്നി മുൻ എംഎൽഎ കൂടിയായ എ. പത്മകുമാർ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. കോന്നി ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിൽ എൽഡിഎഫ് സ്വീകരിച്ച നയം ചർച്ചയാകുമെന്ന സിപിഎം കോന്നി ഏരിയാ കമ്മിറ്റിയുടെ അഭിപ്രായത്തോടു പത്മകുമാർ യോജിച്ചിരുന്നു.
ശബരിമല വിഷയത്തിൽ എൽഡിഎഫ് ഇടപെടൽ വോട്ടർമാർക്കിടയിൽ തെറ്റിധാരണയ്ക്കു കാരണമായി. ഇതു മാറ്റിയെങ്കിൽ മാത്രമേ കോന്നി ഉപതെരഞ്ഞെടുപ്പിൽ മുന്നണിക്കു നേട്ടമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.