കോന്നി: ആനത്താവളത്തില്‍ പുതിയ അതിഥിയായി കണ്ണന് എത്തി. കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമാണ് കണ്ണനെ കോന്നി ആനത്താവളത്തിലെത്തിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 19ന് ഉച്ചയ്ക്കാണ് ഒന്നരവയസ് വരുന്ന കുട്ടിക്കൊന്പനെ ആങ്ങമൂഴി കിളിയെറിഞ്ഞാന്‍കൊല്ല് ചെക്ക്പോസ്റ്റിനു സമീപത്തു നിന്ന് ലഭിച്ചത്.
പിന്നീട് കുട്ടിയാനയെ വനത്തിലേക്ക് തിരികെ അയയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
കോന്നിയിലെത്തിച്ച കുട്ടിയാനയെ റേഞ്ച് ഓഫീസറുടെ പഴയ ക്വാര്‍ട്ടേഴ്സ് മുറ്റത്ത് മുള കൊണ്ട് പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം ഉണ്ടായിരുന്നില്ല.
മൂന്ന് പാപ്പാന്മാരടക്കം വെറ്ററിനറി ഡോക്ടര്‍ ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംരക്ഷണയിലാണ് ഇനി കുട്ടിക്കൊന്പന്‍.
ഇണങ്ങിയ ശേഷം കണ്ണനെ ആനക്കൂട്ടിലേക്ക് മാറ്റുമെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. ആനക്കൂട്ടിലേക്കു മാറ്റുന്നതിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട പരിശോധനകള്‍ നടത്തിയ ശേഷമാണ് എത്തിച്ചത്.
ഇതോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം ആറായി. കൃഷ്ണ, ഈവ, പ്രിയദര്‍ശിനി, മീന, നീലകണ്ഠന് എന്നീ ആനകളാണ് നിലവില്‍ ഉള്ളത്.