പ്രമാടം: കോന്നി ഗവൺമെന്റ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി കോന്നി ഉപകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ “സിവില്‍ സര്‍വീസ് അഭിരുചി” സെമിനാറിന്റെയും ഈ വര്‍ഷത്തെ പരിശീലന ക്ലാസുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജ് അക്കാഡമിക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാരിന്റെ തീരുമാനം മാത്രം മതി. രാഷ്ട്രീയം കളിച്ച് അത് ഇല്ലായ്മ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ കൃത്യമായ ലക്ഷ്യബോധത്തോടെ പഠനം നടത്തണമെന്നും സിവില്‍ സര്‍വീസ് അക്കാഡമിയിലെ പരിശീലനത്തിലൂടെ ജീവിതത്തില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാഡമി കോന്നി ഉപകേന്ദ്രത്തിന് സ്ഥിരം സംവിധാനം ഒരുക്കുന്നതിനായി എംഎല്‍എ ആയിരുന്നപ്പോള്‍ കോന്നിയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും കെട്ടിടം നിര്‍മിക്കുന്നതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ലിപിന്‍ രാജ് ക്ലാസെടുത്തു.
സിവില്‍ സര്‍വീസ് അക്കാദമിയിലെ അധ്യാപകരായ ഡോ. റോയിസ് മല്ലശേരി, ഡോ. നിബുലാല്‍ വെട്ടൂര്‍, സെന്റര്‍ കോഓര്‍ഡിനേറ്റര്‍ അരുണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക സ്കേറ്റിംഗ് ചാന്പ്യന്ഷിപ്പില് സ്വര്‍ണ മെഡല്‍ നേടിയ അഭിജിത് അമല്‍ രാജിനെ ചടങ്ങില്‍ ആദരിച്ചു. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സിലേക്കും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സിലേക്കുമുള്ള ക്ലാസുകളാണ് ആരംഭിച്ചത്.