പത്തനംതിട്ട: മൂന്നരവര്‍ഷം വൈകിപ്പിച്ചശേഷമാണ് കോന്നി മെഡിക്കല്‍ കോളജ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ 70 ശതമാനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം അഞ്ചുവര്‍ഷം കിട്ടിയിട്ടും രാഷ്്ട്രീയകാരണങ്ങളാല് പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തത്.
300 കിടക്കകളുണ്ടെങ്കിലും 100 കിടക്കകള്‍ വച്ചാണ് ഉദ്ഘാടനം നടത്തിയത്. പ്രധാനപ്പെട്ട ചികിത്സാ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കാനുണ്ട്. മന്ത്രിയായിരുന്ന അന്നത്തെ കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് മുന്‍കൈയെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ കോന്നി മെഡിക്കല്‍ കോളജിന് തുടക്കമിട്ടത്.
ഇടതു സര്‍ക്കാര്‍ വന്നതോടെ ആദ്യം കോന്നിയില്‍ നിന്നു മെഡിക്കല്‍ കോളജ് മാറ്റാനുള്ള ശ്രമം നടത്തി. സ്ഥലത്തെ സംബന്ധിച്ചു നിയമസഭയില്‍ ആരോഗ്യമന്ത്രി തന്നെ ദുരാരോപണം ഉന്നയിച്ചു. അടൂര്‍ പ്രകാശ് എംഎല്‍എ ആയി തുടര്‍ന്നപ്പോള്‍ നിര്‍മാണം വൈകിപ്പിക്കല്‍, തീരുമാനങ്ങള്‍ വൈകിപ്പിക്കല്‍ തുടങ്ങിയവ കൂടാതെ ഒപി വിഭാഗങ്ങള്‍ പൂട്ടിക്കുകയും ചെയ്തു. ഡോക്ടര്‍മാരെയും ജീവനക്കാരെയും പിന്‍വലിച്ചു.
ഇതിനെതിരേ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോന്നി മെഡിക്കല്‍ കോളജിന് വീണ്ടും ജീവന് വച്ചതും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തതുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.