കോന്നി: തൈ നട്ടപ്പോൾ കണ്ടില്ല, വെള്ളം കോരാൻ വന്നില്ല, കൊടുങ്കാറ്റിൽ ആടിയുലഞ്ഞപ്പോൾ വീഴാതെ സംരക്ഷിക്കാനും വന്നില്ല.. പഴങ്ങൾ പാകമായപ്പോൾ അയൽക്കാരെയും കൂട്ടി വിളവെടുക്കാൻ വന്നല്ലോ.. നന്ദിയുണ്ട്. മന്ത്രി കെ.കെ. ശൈലജ കോന്നി മെഡിക്കൽ കോളജിൽ നടത്തിയ സന്ദർശനത്തെ സംബന്ധിച്ച് കോന്നിയുടെ മുൻ എംഎൽഎ അടൂർ പ്രകാശ് എംപിയുടേതായി ഇന്നലെ വന്ന ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണിത്.
കോന്നി മെഡിക്കൽ കോളജ് ഫലം തരുന്ന ഒരു നന്മ മരമാണെന്ന് തെരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷമെന്നും പ്രകാശ് കുറിച്ചു.മെഡിക്കൽ കോളജിനു സഹായകമായ നിലപാടായിരുന്നില്ല എൽഡിഎഫിന്റേത് എന്ന് അടൂർ പ്രകാശ് എംപി കുറ്റപ്പെടുത്തി. എംഎൽഎ എന്ന നിലയിൽ താൻ നിയമസഭയിൽ അവതരിപ്പിച്ച അവസാന സബ്മിഷനും കോന്നി മെഡിക്കൽ കോളജിനു വേണ്ടിയായിരുന്നു.
അതിനുപോലും അനുകൂലമായ ഒരു മറുപടിയോ സ്ഥലം സന്ദർശിക്കണമെന്ന തന്റെ ആവശ്യത്തിൽ പ്രതികരിക്കുകയോ ചെയ്യാൻ ആരോഗ്യമന്ത്രി തയാറായിരുന്നില്ലെന്ന് പ്രകാശ് ചൂണ്ടിക്കാട്ടി.അതേ സമയം മെഡിക്കൽ കോളജിന്റെ പ്രാധാന പണികൾ 2015-ൽ തന്നെ പൂർത്തിയായിരുന്നു.
ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനൊപ്പം യുഡിഎഫ് സർക്കാരിന്റെ അവസാനകാലഘട്ടത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഡോക്ടർമാർ അടക്കം ജീവനക്കാരെയും നിയമിച്ചതാണ്. അഖിലേന്ത്യ മെഡിക്കൽ കൗണ്സിലിന് നൽകിയ അപേക്ഷ അനുസരിച്ച് പരിശോധനയും നടന്നു. സാങ്കേതികമായ ചില പ്രശ്നങ്ങൾ കൂടി പരിഹരിച്ചിരുന്നെങ്കിൽ അക്കൊല്ലം തന്നെ വിദ്യാർഥി പ്രവേശനം സാധ്യമാകുമായിരുന്നു.
എന്നാൽ തുടർന്നുവന്ന എൽഡിഎഫ് സർക്കാർ കോന്നി സർക്കാർ മെഡിക്കൽ കോളജിനോടു താത്പര്യം കാട്ടിയില്ല.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ഫണ്ടിൽ നിന്നുള്ള നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് ഇതേവരെ നടന്നിട്ടുള്ളത്. മെഡിക്കൽ കോളനിനു യോജിച്ച സ്ഥലമല്ല കോന്നിയിലേതെന്നു നിയമസഭയിൽ പറഞ്ഞ ആരോഗ്യമന്ത്രിയുടെ ഇപ്പോഴത്തെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് കരുതേണ്ടതെന്നും അടൂർ പ്രകാശ് പറഞ്ഞു.