പത്തനംതിട്ട: കോന്നിയിലെ നിർദിഷ്ട സർക്കാർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ച നുണകൾ ജനങ്ങൾക്കു ബോധ്യമായതിന്റെ ജാള്യം മായ്ക്കാൻ അടൂർ പ്രകാശും, യുഡിഎഫും പുതിയ കഥകൾ മെനയുകയാണെന്ന് സിപിഎം.2012-ൽ അനുമതി ലഭിച്ച കോന്നി മെഡിക്കൽ കോളജിന്റെ ഒന്നാം ഘട്ടം 2015-ൽ പൂർത്തീകരിക്കേണ്ടതായിരുന്നു. അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്നിട്ടും അതിനു കഴിഞ്ഞില്ല. 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് ഗവണ്മെന്റ് മെഡിക്കൽ കോളജിന്റെ പണി വേഗത്തിലാക്കി. ആവശ്യമായ ഫണ്ടും അനുവദിച്ചു.
യുഡിഎഫ് കാലത്ത് അനുവദിച്ച ഫണ്ട് 143 കോടിയാണ്. ഇതിൽ 115 കോടിയാണ് ചെലവഴിച്ചത്. എൽഡിഎഫ് ഗവണ്മെന്റ് 415 കോടി പുതിയതായി അനുവദിച്ചു. സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ഗവണ്മെന്റ് ശ്രമിച്ചത്. യഥാസമയത്ത് അവലോകന യോഗങ്ങൾ നടത്തി ഡിസംബറിൽ പണി പൂർത്തീകരിക്കാവുന്ന നിലയിലേയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ എത്തിച്ചു.
മാർച്ചിൽ മെഡിക്കൽ കോളജ് ആശുപ്രതി പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വസ്തുതകൾ മറച്ചുവച്ച് എൽഡിഎഫ് ഗവണ്മെന്റ് മെഡിക്കൽ കോളജിന് എതിരാണെന്ന പ്രചരണം നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സ്വകാര്യ സ്വത്തായി കണ്ട് ജനങ്ങളെ അകറ്റി നിർത്തിയവർ ജനങ്ങളോടൊപ്പം വകുപ്പ് മന്ത്രി മെഡിക്കൽ കോളജ് സന്ദർശിച്ചതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്.
ഇവരുടെ അജണ്ട എന്തായിരുന്നുവെന്നത് മെഡിക്കൽ കോളജ് പരിസരത്തെ ഭൂമി വിലയ്ക്കുവാങ്ങിയവരുടെ ലിസ്റ്റ് പരിശോധിച്ചാൽ മനസിലാകുമെന്നും ഉദയഭാനു പറഞ്ഞു.രണ്ടു മന്ത്രിസഭകളിൽ അംഗമായിരുന്നിട്ടും പുനലൂർ – മൂവാറ്റുപുഴ റോഡിന്റെ നിർമാണം നടത്താൻ കഴിയാത്തവർ ഇപ്പോൾ അവകാശവാദങ്ങൾ നടത്തുന്നത് പരിഹാസ്യമാണ്. യുഡിഎഫ് സർക്കാരിന്റെ സ്വാർഥ താത്പര്യത്തേ തുടർന്ന് പദ്ധതി ഉപേക്ഷിക്കാൻതന്നെ ലോകബാങ്ക് നിർബന്ധിതമായതാണ്.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും ഇടപെട്ട് ലോകബാങ്കിനെക്കൊണ്ട് നിർമാണം ഏറ്റെടുപ്പിക്കുകയും 714 കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങാൻ ടെൻഡറാകുകയുമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.