കോന്നി: കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. പരിസ്ഥിതി അനുമതി ഇല്ലാതെയാണ് കെട്ടിട നിര്‍മാണം നടത്തിയതെന്ന കേന്ദ്ര സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
അതേ സമയം ആശുപത്രി നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതു സംബന്ധിച്ച നിര്‍ദേശം ഒന്നും ലഭിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 148 കോടി രൂപയാണ് കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കി വച്ചിട്ടുള്ളത്.
ആദ്യ ഘട്ടത്തിലെ 80 ശതമാനം ജോലികളും പൂര്‍ത്തീകരിച്ചെങ്കിലും ബാക്കിയുള്ള തുക ലഭിക്കാതിരുന്നതിനാല്‍ നിര്‍മാണ ജോലികള്‍ നീണ്ട് പോകുകയായിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഏപ്രിലോടു കൂടി ആശുപത്രി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഈ തീരുമാനത്തിനാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്തതിനാല്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കേന്ദ്രസംഘം സ്ഥലത്തെത്തി ആശുപത്രിയുടെ നിര്‍മാണ ചുമതലയുള്ള കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.