പത്തനംതിട്ട: വൈറസ് രോഗങ്ങൾ വ്യാപകമാകുന്ന കാലഘട്ടത്തിൽ പത്തനംതിട്ടയിലും ഒരു വൈറോളജി ലാബ് വേണമെന്നാവശ്യത്തിനു പ്രസക്തിയേറുന്നു.
നിർമാണത്തിലിരിക്കുന്ന കോന്നി മെഡിക്കൽ കോളജിനോടനുബന്ധിച്ച് ഇതിനുള്ള സൗകര്യം നേരത്തെ നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ മെഡിക്കൽ കോളജ് നിർമാണം തന്നെ അനിശ്ചിതമായി നീളുന്നതിനാൽ വൈറോളജി ലാബും സമീപകാലത്ത് സാക്ഷാത്കരിക്കപ്പെടാനിടയില്ല.
ലാബ് പ്രവർത്തനത്തിനു മതിയായ സൗകര്യം മെഡിക്കൽ കോളജ് കാന്പസിൽ തന്നെ ലഭ്യമാകുമെന്ന് കണ്ടെത്തിയിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് എത്രയുംവേഗം പൂർത്തീകരിക്കേണ്ട ആവശ്യകത ജില്ലയിൽ നടന്ന പല യോഗങ്ങളിലും എടുത്തുകാട്ടിയതുമാണ്.
മെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയായ ഭാഗം ഉപയോഗപ്പെടുത്തി ഐസൊലേഷൻ വാർഡ് തുറക്കുന്നതിനുവേണ്ടി ജില്ലാ കളക്ടർ അടക്കം സ്ഥലപരിശോധനയും നടത്തിയിരുന്നു.
നിലവിൽ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് ലാബിലാണ് പത്തനംതിട്ടയിൽ നിന്നുള്ള പരിശോധനകൾ നടത്തുന്നത്. പത്തനംതിട്ടയിൽ കോവിഡ് 19 ബാധിതരുടെ ഉൾപ്പെടെയുള്ളവരുടെ സ്രവം പരിശോധിച്ച് പോസിറ്റീവാണെന്നു കണ്ടെത്തിയത് ആലപ്പുഴയിലെ ലാബിലാണ്.
സംസ്ഥാനത്തു നിലവിൽ കോവിഡ് 19 പോസിറ്റീവ് വൈറസ് ബാധ ഏറ്റവുമധികം സ്ഥിരീകരിച്ചതും ആലപ്പുഴയിലെ ലാബിലാണ്. ഏറെ വെല്ലുവിളിയുടെ മധ്യത്തിലാണ് ഇന്നിപ്പോൾ പരിശോധനകൾ.
കൂടുതൽ ആളുകളുടെ സ്രവവും രക്തവും പരിശോധിക്കുന്ന ഘട്ടമെത്തിയാൽ ആലപ്പുഴയിൽ മാത്രം ഇതു നടക്കാതെ വരും. നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽ പരിശോധന നടക്കുന്നുണ്ട്.
നേരത്തെ പൂനെയിലെ വൈറോളജി ലാബിലാണ് കേരളത്തിൽ നിന്നുള്ള ഇത്തരം കേസുകളെ സംബന്ധിച്ച അന്തിമവിധി നിർണയം നടത്തിയിരുന്നത്. ആലപ്പുഴയിൽ അന്തിമപരിശോധന സാധ്യമായത് പത്തനംതിട്ടയടക്കമുള്ള സമീപജില്ലകൾക്കു പ്രയോജനപ്പെട്ടു.
പത്തനംതിട്ടയിൽ നിന്ന് അയ്ക്കുന്ന സ്രവങ്ങൾ പരിശോധിച്ച് രണ്ടുദിവസത്തിനുള്ളിൽ ഫലം അറിയിക്കുകയാണ് ചെയ്തുവന്നത്. തിരക്ക് വർധിച്ചതോടെ ഇതു മൂന്നുദിവസംവരെ നീണ്ടു.
സംസ്ഥാനത്ത് കൂടുതൽ ലാബുകൾ പ്രവർത്തനക്ഷമമായതോടെ പരിശോധനയും വേഗത്തിലായിട്ടുണ്ട്. ഇപ്പോൾ ഒരുദിവസത്തിനുള്ളിൽതന്നെ ഫലം വരുന്നുണ്ട്.
തൊണ്ടയുടെ ആഴത്തിൽ നിന്നുള്ള കഫമെടുത്താണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. വൈറസിനെ കണ്ടെത്താൻ സ്വകാര്യ മേഖലയിൽ 3000 രൂപ വരെ ചെലവാകും. നിലവിൽ ഇതു സർക്കാർ സൗജന്യമായാണ് ചെയ്യുന്നത്.