പത്തനംതിട്ട: കോന്നി പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനിയില്‍ തിങ്ങിനിറഞ്ഞ ജനസമൂഹത്തെ സാക്ഷിയാക്കി എന്‍ഡിഎയുടെ വിജയാരവം മുഴക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം മാറുകയാണെന്നും ഈ തെരഞ്ഞെടുപ്പോടെ ഇടതു, വലതു മുന്നണികളുടെ കാലം കഴിയുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ജനം ആവേശത്തിലായി.
ശബരിമല അയ്യപ്പനോടുള്ള ഭക്തി പൊതുവേദിയില്‍ പ്രഖ്യാപിച്ച് ശരണം വിളിച്ച പ്രധാനമന്ത്രി, ശബരിമലയില്‍ ഭക്തര്‍ക്കുണ്ടായ ദുരനുഭവങ്ങളെ അപലപിച്ചു. പുഷ്പങ്ങള്‍ നല്കി വരവേല്ക്കേണ്ട അയ്യപ്പഭക്തരെ ലാത്തിയടിക്കുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ ഇങ്ങനെ ലാത്തികൊണ്ട് അടിക്കുമോയെന്ന് അദ്ദേഹം ആരാഞ്ഞു. ഭാരത സംസ്കാരത്തെ തെറ്റായി ചിത്രീകരിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ലോകം തള്ളിക്കളഞ്ഞ പ്രത്യയശാസ്ത്രമാണ് അവരുടേത്.
ധാര്‍ഷ്ട്യവും അഴിമതിയുമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര. അഴിമതിയുടെ കാര്യത്തില്‍ ഇടതും, വലതും ഇരട്ടകളാണ്.
1970 കാലഘട്ടത്തില്‍ അഴിമതിക്കെതിരെ ജയപ്രകാശ് നാരായണന്റെ നേത ത്വത്തില്‍ അഴിമതിക്കെതിരെ ഉയര്‍ന്ന മുന്നേറ്റത്തിനു സമാനമാണ് കേരളത്തില്‍ ഇപ്പോള്‍ ഉയരുന്ന ജനവികാരം. മെട്രോമാന് ശ്രീധരനെപ്പോലെയുള്ള പ്രഫഷണലുകളെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്ന മുന്നേറ്റം വഴിത്തിരിവാകുമെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, പാര്‍ട്ടി വക്താവ് നാരായണന് നമ്പൂതിരി, പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ്, ജില്ലാ പ്രസിഡന്റ് അശോകന് കുളനട തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളായ കെ. സുരേന്ദ്രന് (കോന്നി), അശോകന് കുളനട (തിരുവല്ല), കെ.പത്മകുമാര്‍ (റാന്നി), കെ. പ്രതാപന് (അടൂര്‍), ബിജു മാത്യു (ആറന്മുള) എന്നിവരെയും സമീപ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ വേദിയില്‍ പ്രധാനമന്ത്രി പരിചയപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് 1.45ന് ഹെലികോപ്ടര്‍മാര്‍ഗം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലിറങ്ങിയ പ്രധാമന്ത്രി കാര്‍ മാര്‍ഗമാണ് പ്രമാടം സ്റ്റേഡിയത്തിലെത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ആറന്മുള കണ്ണാടി നല്കി അദ്ദേഹത്തെ സ്വീകരിച്ചു. നരേന്ദ്രമോദി അമ്മ ഹീരാബെന്‍ മോദിയുടെ അനുഗ്രഹം വാങ്ങുന്ന ചിത്രവും സമ്മാനിച്ചു.