പത്തനംതിട്ട: കോന്നി നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചു പരസ്യ പ്രതികരണത്തിനു മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ഐവാന്‍ ഡിസൂസയുടെ മുന്നറിയിപ്പ്.
ഇന്നലെ കോന്നിയില്‍ മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷനിലാണ് പരസ്യ പ്രതികരണവും സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തുന്നവര്‍ പാര്‍ട്ടി നടപടികള്‍ക്കു വിധേയരാകുമെന്ന മുന്നറിയിപ്പ് ജനറല്‍ സെക്രട്ടറി നല്‍കിയത്.
വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് എഐസിസി നേതൃത്വമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെപിസിസിയുടെ കൂടി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് എഐസിസി തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ഡിസിസിയുടെ അഭിപ്രായവും തേടും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള അധികാരവും ആര്‍ക്കും പാര്‍ട്ടി നല്‍കിയിട്ടില്ല. ഇതിനു വിരുദ്ധമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയോ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളായി ആരെങ്കിലും രംഗത്തിറങ്ങുകയോ ചെയ്താല്‍ നടപടി ഉണ്ടാകും.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു പരസ്യ പ്രതികരണത്തിനും ആരും മുതിരേണ്ടതില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടെ തനിക്കു ലഭിച്ചിട്ടുള്ള പരാതികള്‍ ഐഐസിസിക്കു കൈമാറിയിട്ടുണ്ടെന്നും ഐവാന്‍ ഡിസൂസ പറഞ്ഞു.
കോന്നിയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി സെക്രട്ടറി എം.ആര്. അഭിലാഷ്, കെപിസിസി അംഗം മാത്യു കുളത്തുങ്കല്‍, ഡിസിസി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, റോബിന് പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, എം.എസ്. പ്രകാശ്, മാത്യു ചെറിയാന്, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, എക്സിക്യൂട്ടീവ് അംഗം സലിം പി. ചാക്കോ, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ്് റോയിച്ചന് എഴിക്കകത്ത്, ബ്ലോക്ക് ഭാരവാഹികളായ ഐവാന്‍ വകയാര്‍, ശ്യാം എസ്. കോന്നി, ബൂത്ത്, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.