കോന്നി: പ്രദേശവാസികളുടെ എതിർപ്പ് മറികടന്ന് അരുവാപ്പുലം വില്ലേജിലെ കുളത്തുമണ്ണിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള താമരപ്പള്ളി റബർ എസ്റ്റേറ്റിനുള്ളിൽ പുതിയ ക്രഷർ, പാറമടയ്ക്ക് നീക്കം നടക്കുന്നതായി പരാതി.
എസ്റ്റേറ്റിന് ഉള്ളിലേക്കുള്ള വഴി കൂടുതൽ സഞ്ചാരയോഗ്യമാക്കുന്നതിനു ചില റബർ മരങ്ങൾ മുറിച്ചു നീക്കുന്നുണ്ട്.
ഇത് സ്വകാര്യ വ്യക്തിയുടെ വസ്തുവാണെന്നും അതിക്രമിച്ചു കയറുന്നതു കുറ്റകരമാണെന്നും കാട്ടി ഉടമ നിരവധി ബോർഡും സ്ഥാപിച്ചതിനു പിന്നാലെയാണ് വഴി കൂടുതൽ സഞ്ചാരയോഗ്യമാക്കാൻ റബർ മരങ്ങൾ മുറിച്ചതെന്നതു നാട്ടുകാരിൽ സംശയം ഉയർത്തുന്നുണ്ട്.
ഏതാനും മാസം മുന്പാണ് ഇവിടെ ക്രഷർ യൂണിറ്റ് തുടങ്ങുന്നെന്നറിഞ്ഞു നാട്ടുകാർ സമരത്തിന് ഇറങ്ങിയത്.
നാട്ടുകാരുടെയും രാഷ്ട്രീയ കക്ഷികളുടെയും എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെ ക്രഷർ യൂണിറ്റ് തുടങ്ങുന്നതിനുള്ള നീക്കമുണ്ട്. ഇപ്പോൾ ചില റബർ മരങ്ങൾ മുറിച്ചത് ടിപ്പർ ലോറിക്കു കടന്നുവരാനുള്ള റോഡിനു വേണ്ടിയാണെന്ന് സമീപവാസികൾ പറയുന്നു.
ഈ മേഖല അതീവ പരിസ്ഥിതി ലോല പ്രദേശമാണെങ്കിലും താമരപ്പള്ളി എസ്റ്റേറ്റിനോട് ചേർന്നാണ് ഊട്ടുപാറ മിച്ചഭൂമിയിൽ വർഷങ്ങളായി ക്രഷർ പ്രവർത്തിക്കുന്നത്. ഊട്ടുപാറയിൽ മിച്ചഭൂമി സ്ഥലത്താണ് ക്രഷർ ഉള്ളത്.