കോന്നി: സംസ്ഥാനത്തെ പോലീസ് സേനയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി കോന്നി പോലീസ് സ്റ്റേഷനിലെ വാഹനത്തിൽ ആധുനിക നീരീക്ഷണ കാമറകൾ സ്ഥാപിച്ചു. പോലീസ് സേനയിലെ ആധുനികവത്കരണ സംവിധാനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ വാഹനങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കോന്നിയിലാണ് ആദ്യമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്.
ഓരോ നിമിഷങ്ങളിലും ഒരു സ്റ്റേഷൻ പരിധിയിൽ നടക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്ന പ്രക്രിയകൾ വരെ സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് തത്സമയം കാണാൻ സാധിക്കും. ഇന്റർനെറ്റ് കണക്റ്റട് വിഷ്വൽ കാമറകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 85000 രൂപ വില വരുന്നതാണ് ഓരോ കാമറയും.
പോലീസ് വാഹനത്തിന്റെ മുന്നിലും പുറകിലുമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെ നിയമപരമായ കൃത്യ നിർവഹണം, ട്രാഫിക് നിയമ ലംഘനം, രാഷ്ട്രീയ സംഘർഷങ്ങൾ, റോഡ് ഉപരോധം തുടങ്ങിയ എല്ലാ സംഭവങ്ങളും കാമറയിൽ പതിയും. രണ്ടാഴ്ചയോളം വിവരശേഖരണം നടത്തി സൂക്ഷിക്കാൻ കാമറകൾക്ക് കഴിയുമെന്നതും സവിശേഷതയാണ്.