പത്തനംതിട്ട: കോന്നി റീജണല്‍ സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് നിക്ഷേപകന് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തെത്തുടര്‍ന്നു നിക്ഷേപകർ സംഘടിക്കുന്നു. കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദനാണ് (64) തിങ്കളാഴ്ച രാത്രി ഏഴോടെ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
മദ്യത്തില്‍ അമിതമായി ഗുളികകള്‍ ചേര്‍ത്തായിരുന്നു ആത്മഹത്യശ്രമം. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ആനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അധികൃതര്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന കോന്നി റീജണല്‍ സഹകരണ ബാങ്കില്‍നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്.
മുന്‍ഗണനാ ക്രമത്തില്‍ പണം നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല. തിങ്കളാഴ്ചയും പണം ചോദിച്ച് ആനന്ദന് ബാങ്കില്‍ പോയിരുന്നു. എന്നാല്‍ പണം കിട്ടിയില്ലെന്ന് മകള്‍ സിന്ധു പറഞ്ഞു. ഈ മനോവിഷമത്തില്‍ വീട്ടിലെത്തിയ ശേഷമായിരുന്നു ആത്മഹത്യശ്രമം. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകള്‍ പറഞ്ഞു.
ഏതാനും മാസം മുമ്പും പണം ചോദിച്ച് ബാങ്കില്‍ എത്തിയ ഇദ്ദേഹം കുടുംബത്തോടൊപ്പം ബാങ്കിനു മുമ്പില്‍ സമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതായും പറയുന്നു. വീണ്ടും സ്ഥിരമായി ബാങ്കില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണ് സിപിഎം ഭരിക്കുന്ന ബാങ്കിന് നിലനില്‍ക്കുന്നത്. കെടുകാര്യസ്ഥതയിലും സാമ്പത്തിക തിരിമറിയിലും ബാങ്ക് നിയമനടപടി നേരിടുകയാണ്. മുന്‍ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയെങ്കിലും ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയിട്ടില്ല. മുമ്പ് കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് സിപിഎം പിടിച്ചെടുക്കുകയായിരുന്നു.