കോന്നി: ഏതു തെരഞ്ഞെടുപ്പായാലും പ്രമാടം റോക്ക് വ്യൂ വീട്ടില്‍ തിരക്കാണ്. റോബിന് പീറ്റര്‍ സ്ഥാനാര്‍ഥിയാണെങ്കിലും അല്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് രാവിലെ 7.30നു മുമ്പ് ഈ അമ്മ മകനുവേണ്ടി ഭക്ഷണം ഒരുക്കി വിളിച്ചിരിക്കും.
രാത്രി ഏറെ വൈകിയാണ് കിടക്കുന്നതെങ്കിലും ക്ഷമയോടെ റോബിന് പീറ്റര്‍ ഭക്ഷണമേശയ്ക്കരികിലെത്തും. ഭക്ഷണം കഴിച്ച് അമ്മയുടെ അനുഗ്രഹവും വാങ്ങിയാണ് റോബിന്റെ ഒരു ദിവസം ആഗ്രഹിക്കുന്നത്. കാല്‍നൂറ്റാണ്ടായി ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധിയാണെങ്കിലും നിയമസഭയിലേക്ക് റോബിന് ഇത് കന്നി അങ്കമാണ്.
കോന്നിയിലെ യുഡിഎഫ് സ്ഥാനാര്ഥിയാണദ്ദേഹം.പരേതനായ പത്രോസിന്റെയും മറിയാമ്മയുടെയും മൂത്തപുത്രന്. ഭാര്യ ആഷ്ലി, മക്കളായ റെനീറ്റ, റിറ്റ എന്നിവര്‍ വിദേശത്താണ്. രാവിലെ അമ്മയ്ക്കുവേണ്ടിയാണ് സമയമെങ്കില്‍ രാത്രി എത്ര വൈകിയാലും അതാത് ദിവസത്തെ പ്രചാരണ പരിപാടികള്‍ ഭാര്യയെും മക്കളെയും അപ്ഡേറ്റ് ചെയ്തു നല്‍കും.
വിദേശത്തു നഴ്സായ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പു കാലത്ത് ഇവിടേക്ക് എത്താനാകില്ല. എന്നിരുന്നാലും അവര്‍ അവിടെ ഇരുന്ന സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഭര്‍ത്താവിനുവേണ്ടി പ്രചാരണത്തിലാണ്. സഹോദരനും കുടുംബവും നാട്ടിലുണ്ട്.
ഇത്തവണ പ്രചാരണരംഗം വ്യത്യസ്തമായിരുന്നെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് റോബിന്. നാല് തെരഞ്ഞെടുപ്പുകളില്‍ കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച നേതാവിന് പുതിയ ദൗത്യം വെല്ലുവിളിയാകില്ലെന്ന ഉറച്ച വിശ്വാസമാണുള്ളത്.