കോന്നി: കോന്നി ജോയിന്റ് ആർടിഒ ഓഫീസിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. കോന്നി ആനക്കൂട് റോഡിൽ ബി ആൻഡ് ബി അപ്പാർട്ട്മെന്റിലാണ് ആർടി ഓഫീസ് പ്രവർത്തിക്കുന്നത്. 2000 ചതുരശ്ര അടി വിസ്താരണത്തിൽ ആധുനിക സൗകര്യങ്ങളോടെ കൂടിയ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുക.
ബി ആൻഡ് ബിയിലെ ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങൾ കെ.യു. ജനീഷ് കുമാർ എംഎൽഎ വിലിയിരുത്തി. ആർടി സേവനങ്ങൾ വേഗത്തിൽ നൽകുന്നതിനുള്ള ആധുനിക സംവിധാനങ്ങളാണ് ഇവിടെ തയാറായിട്ടുള്ളത്. ഉദ്ഘാടനത്തോടെ ഓഫീസ് പ്രവർത്തനസജ്ജമാകും. കെഎൽ 83 ആണ് കോന്നിയുടെ രജിസ്ട്രേഷൻ കോഡ്.
കോന്നി താലൂക്ക് രൂപീകരണത്തിനൊപ്പം കോന്നി ആർടി ഓഫിസിനും സർക്കാർ അനുമതി നൽകിയിരുന്നു. പ്രമാടം ഗ്രാമപഞ്ചത്തിലാണ് ആർടി ഓഫീസിനു സ്ഥിരം കെട്ടിടം നിർമിക്കാൻ സ്ഥലം നിർദേശിച്ചിട്ടുള്ളത്. നിലവിൽ ആർടി ഓഫീസിനു എടുത്തിട്ടുള്ള കെട്ടിടത്തിൽ ഓഫീസ് ക്യാമ്പിനുകളുടെ നിർമാണമാണ് നടക്കുന്നത്.
തുടർന്ന് നെറ്റ്വർക്ക് കേബിൾ ഇടുന്ന ജോലികൾ പൂർത്തിയായെങ്കിലെ കംപ്യൂട്ടർ വയ്ക്കാൻ കഴിയുകയുള്ളൂ. കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ചയെ തുടർന്ന് കെൽട്രോണിൽ നിന്നും അടിയന്തരമായി വാങ്ങി എത്തിക്കുന്നതിനു തീരുമാനമായിട്ടുണ്ട്. ജനറേറ്റർ വാങ്ങുന്നതിനുള്ള അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
ഓഫീസ് തുടങ്ങുന്നതിനാവശ്യമായ ജോയിന്റ് ആർടിഒ, എംവിഐ, രണ്ട് എഎംവിഐ, ഒരു ഹെഡ് ക്ലാർക്ക്, രണ്ട് ക്ലാർക്ക് തസ്തികകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ തസ്തികകൾ അനുവദിക്കുന്നതിന് ഉടൻ തന്നെ ഗതാഗത മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തുമെന്ന് എംഎല്എ പറഞ്ഞു. ഫെബ്രുവരി 15 നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നിർദേശം നല്കി. തുടർന്ന് ഗതാഗത മന്ത്രിയുടെ തീയതി ലഭിക്കുന്നതനുസരിച്ച് ഫെബ്രുവരിയിൽ തന്നെ ഉദ്ഘാടനം നടത്തുമെന്നും എംഎൽഎ അറിയിച്ചു.