കോന്നി: കനത്ത മഴയിൽ കോന്നിയിൽ മലയിടിച്ചിൽ. കോന്നി ആനക്കൂട്ടിനു സമീപം പൊന്തനാംകുഴി കോളനി മുരിപ്പിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് വലിയ ശബ്ദത്തോടു കൂടി മല ചരിവ് ഇടിഞ്ഞ് താഴ്ന്നത്.
വലിയ ശബ്ദത്തെ തുടർന്ന് സമീപവാസികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.കോന്നിയിൽ ഇന്നലെ രാവിലെ എട്ടുവരെയുള്ള കണക്കിൽ 11 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. കോളനിയിൽ പരേതനായ ദാമോധരന്റെ ഉടമസ്ഥതയിലുള്ള ഭൂഭാഗമാണ് താഴേക്ക് പതിച്ചത്. ദാമോദരന്റെ മകൾ വിമലയുടെ വീടാണ് ഇടിഞ്ഞ ഭാഗത്തുള്ളത്. അപകട സമയത്ത് വിമലയും ടാർപാളിൻ ഉപയോഗിച്ചു നിർമിച്ച ഷെഡിൽ ഉണ്ടായിരുന്നു. ഇതിനോടു ചേർന്ന് തന്നെ ഇവരുടെ മാതാവ് പൊടിയമ്മയുടെ വാർക്ക വീടും സ്ഥിതി ചെയ്യുന്നുണ്ട്.
മലഭാഗം ഇടിഞ്ഞതിൽ അടിവാരത്തിൽ മൂന്നിലധികം വീടും ഇതിനു താഴെയുള്ളറോഡിന്റെ അടിവാരത്തിലായി 15ഉം കോളനി നിവാസികളാണുള്ളത്.അപകടം ഉണ്ടായ ഭാഗത്തെ 11 കുടും ബങ്ങളിൽ നിന്ന് 21 പേരെ സമീപ പ്രദേശത്തെ 41 -ാം നമ്പർ അങ്കണ വാടിയിലേക്ക് മാറ്റി.
പിന്നീടിവരെ കോന്നി വിശ്വഭാരതി ആർട്സ് കോളജിലേക്ക് മാറ്റിപാർപ്പിച്ചു. ഇവർക്കായി ദുരിതാശ്വാസ ക്യാമ്പ് തുറക്കും.
ഉപതെരഞ്ഞെടുപ്പ് കാരണം സ്കൂളുകൾ വിട്ടുനൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാന്പുകൾ തുറക്കാൻ ബുദ്ധിമുട്ടായത്. കോളനി പരിസരത്തെ മറ്റു കുടുംബങ്ങൾ കൂടി മാറണമെന്ന് ഇന്നലെ വൈകുന്നേരം പോലീസ് നോട്ടീസ് നൽകി. അപകടസാധ്യത നിലനിൽക്കുന്ന ഭാഗത്തെ വലിയപുരയ്ക്കൽ വീട്ടിൽ അവശനിലയിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന ചന്ദ്രന്റെ ഭാര്യാ മാതാവ് ശാന്തയെ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സമീപത്തെ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു.പ്രദേശേത്തെ നൂറിലധികം വീടുകൾക്ക് ഭീഷണി നിലനിൽക്കുകയാണ്. മഴ തുടർന്നാൽ വലിയ അപകടത്തിനു സാധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്ന് അധികൃതർ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ജയദേവ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
പ്രദേശത്ത് നിന്നും 30 കുടുംബങ്ങളെ കൂടി മാറ്റിപാർപ്പിക്കുവാൻ ജില്ലാ കളക്ടർ പി.ബി. നൂഹ് ബന്ധപ്പെട്ട അധികൃതരോടു നിർദേശിച്ചു. മഴ തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.മലയിടിഞ്ഞ ഭാഗത്ത് മാത്രം പഞ്ചായത്ത് സഹായത്തോടെ നിർമിച്ച 25ഓളംകോൺക്രീറ്റ് വീടുകളാണുള്ളത്.ഇടുങ്ങിയ വഴികളിലൂടെ വേണം കോളനിയിലേക്ക് എത്താൻ.
മല ഇടിഞ്ഞു കല്ലും മണ്ണും ഒഴുകിയെത്തിയതോടെ കോളനിയിലേക്ക് എത്തപ്പെടാൻ രക്ഷാപ്രവർത്തകരടക്കം ഏറെ ബുദ്ധിമുട്ടി.വലിയ മലയുടെ അടിവാരത്തെ ചരിഞ്ഞ ഈ ഭൂപ്രദേശം കാലങ്ങളായി ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും അധികൃതർ ഇതു ഗൗനിച്ചിരുന്നില്ല. കോന്നി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടികജാതി സെറ്റിൽമെന്റ് കോളനികളിലൊന്നായ പൊന്തനാംകുഴി സ്ഥിതി ചെയ്യുന്നത്.
മലയുടെ മുകൾ തട്ടിലെ മണ്ണിന്റെ ബലം പരിശോധിക്കാതെയാണ് പഞ്ചായത്ത് വീടുകൾ നിർമിച്ച് നൽകിയിട്ടുള്ളതെന്ന പരാതികളും നിലനിൽക്കുന്നുണ്ട്. മലയുടെ കുത്തനെ ഉള്ള ഭാഗത്തെ മണ്ണാണ് ഇടിഞ്ഞു വീഴുന്നത്. ഇന്നലെ മണ്ണ് ഇടിഞ്ഞ ഭാഗത്ത് നിന്നും വലിയ തോതിലാണ് മല വെള്ള പാച്ചിൽ ഉണ്ടായത്.