ജഗീഷ് ബാബു
കോന്നി: കുങ്കി ആനകളില്‍ കരുത്തനായ ഗജരാജനാണ് കോന്നി സുരേന്ദ്രന്. നാടുവിറപ്പിച്ച അരിക്കൊമ്പനെ വരുതിയിലാക്കി കാടുകടത്തിയതിലൂടെ സുരേന്ദ്രന് ഒരിക്കല്‍കൂടി തന്റെ മികവ് തെളിയിച്ചു.
ലക്ഷണത്തിലും അഴകിലും ഗജരാജന്മാരില്നിന്നു വ്യത്യസ്തനാണ് സുരേന്ദ്രന്. ശബരിമല വനത്തിലെ രാജാമ്പാറയില്നിന്ന് 1999ല്‍ ഒറ്റപ്പെട്ട നിലയില്‍ സുരേന്ദ്രനെ വനംവകുപ്പിന് കിട്ടുമ്പോള്‍ വെറും ഏഴു മാസം മാത്രമായിരുന്നു പ്രായം.
തള്ളയാന ചെരിഞ്ഞ നിലയിലായിരുന്നുവെങ്കിലും അതറിയാതെ മുലകുടിച്ചു നില്‍ക്കുകയായിരുന്നു സുരേന്ദ്രന്. ഇതോടെ ആദ്യ കാഴ്ചയില്‍ തന്നെ സുരേന്ദ്രന് കരളലിയിക്കുന്നവനായി. കോന്നി ആനത്താവളത്തില്‍ എത്തിയ ആനക്കുട്ടിക്ക് നാടു നല്‍കിയത് വലിയ സ്വാഗതമാണ്.
ആനത്താവളത്തില്‍ കുറുമ്പു കാട്ടിയും അവിടെ എത്തുന്നവരോടു സൗഹൃദം കൂടിയും ആന വളര്‍ന്നു. കോന്നിക്കാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നെങ്കിലും സുരേന്ദ്രന് കാര്‍ക്കശ്യവും പിടിവാശിയുമൊക്കെ കൈവിട്ടിരുന്നില്ല.
എല്ലാദിവസവും പാപ്പാന്മാരോടൊപ്പം അച്ചന്‍കോവിലാറ്റിലേക്കുള്ള യാത്രയും കുളി കഴിഞ്ഞ് തിരികെ വരുമ്പോള്‍ തന്റെ കൂട്ടാളികളുടെ നായകനായി തലയെടുപ്പോടെയുള്ള വരവുമൊക്കെ ആനയെ ഏറെ പ്രിയപ്പെട്ടതാക്കി.
കടകള്‍ക്കും വീടുകള്‍ക്കും മുമ്പിലെത്തി ഇഷ്ടഭക്ഷണം ആവശ്യപ്പെടുന്ന പ്രകൃതവും അവനുണ്ടായിരുന്നു. കോന്നി ആനത്താവളത്തിലെ പ്രധാന പാപ്പാനായിരുന്ന സ്വാമിയാണ് സുരേന്ദ്രനെ ബാലപാഠങ്ങള്‍ പരിശീലിപ്പിച്ചെടുത്തത്.
കോന്നിയില്‍ രണ്ടു പതിറ്റാണ്ട്
രണ്ടു പതിറ്റാണ്ടോളം കോന്നിയില്‍ വളര്‍ന്ന സുരേന്ദ്രനെ 2018 ജൂണ്‍ 12നു തമിഴ്നാട്ടിലെ മുതുമല ക്യാമ്പിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തെ വൈകാരികമായാണ് നാട്ടുകാര്‍ അന്നു നേരിട്ടത്.
എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ആനയെ കൊണ്ടുപോകാനുള്ള നീക്കത്തെ തടഞ്ഞു. ജനപ്രതിനിധികള്‍ക്കെതിരേ പോലീസ് കേസെടുത്തു.
സുരേന്ദ്രനെ കോന്നിയില്‍ തിരിച്ചെത്തിക്കുമെന്ന് തെരഞ്ഞെടുപ്പുവേളയില്‍ മുന്നണികള്‍ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് സ്വാധീനം ചെലുത്താന്‍ വരെ സാധിക്കുന്ന തരത്തില്‍ കോന്നിക്കാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു സുരേന്ദ്രന്. എന്നാല്‍ ആന കോന്നിയില്‍നിന്നു പോയിട്ട് നാലുവര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അതിനെ തിരിച്ചെത്തിക്കാനായിട്ടില്ല.
ലക്ഷണമൊത്ത കൊമ്പന്
ഗജരാജകലയില് വ്യത്യസ്തനായ ആനയായിരുന്നു സുരേന്ദ്രന്. തുമ്പിക്കൈക്കു നല്ല നീളമുണ്ട്, നല്ല തലപ്പൊക്കം, ഉടല്‍വണ്ണം കുറവ്, വാലിനു നീളം തുടങ്ങി ആകാരത്തില്‍ സുരേന്ദ്രന് ലക്ഷണമൊത്ത ആനയാണ്.
എന്നാല്‍ കോന്നി ആനത്തറയില്‍ കെട്ടിയിരുന്ന ആന പല പാപ്പാന്മാര്ക്കും വെല്ലുവിളി തന്നെയായിരുന്നു.ആരുമായും അത്രകണ്ട് അടുപ്പം പുലര്‍ത്താതിരുന്ന കുറുമ്പന് ഇടയ്ക്ക് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. അത്ര പെട്ടെന്ന് പാപ്പാന്മാരോടും ഇണങ്ങുന്ന സ്വഭാവമായിരുന്നില്ല സുരേന്ദ്രന്റേത്.
പരിശീലനത്തിലൂടെ വ്യത്യസ്തനായി
കുറുമ്പും പിടിവാശിയുമൊക്കെയുണ്ടായിരുന്ന ആനയെ കുങ്കി പരിശീലത്തിനായി തെരഞ്ഞെടുത്തതോടെ കഥ മാറുകയായിരുന്നു. മുതുമലയിലായിരുന്നു പരിശീലനം. ആനപ്രേമികളുടെ ഇഷ്ട കഥാപാത്രമായി സുരേന്ദ്രന് മാറി. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സുരേന്ദ്രനായി പേജുകള്‍ വരെയുണ്ട്.
ധോണിയില്‍ പിടി സെവനെ തളയ്ക്കാനും മുമ്പിലുണ്ടായിരുന്ന കുങ്കി ആനയായിരുന്നു സുരേന്ദ്രന്. കോന്നിയുടെ സ്വത്തായിരുന്ന സുരേന്ദ്രനെ പരിശീലനത്തിന്റെ പേരിലാണ് കൊണ്ടുപോയത്.
പിടി സെവനെ പിടിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി വാർത്തകളില്‍ നിറഞ്ഞ സുരേന്ദ്രനെ കോന്നി ആനക്കൂട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം നിലനില്‍ക്കേയാണ് കഴിഞ്ഞദിവസം ചിന്നക്കനാലിലും ആന താരമായി മാറിയത്. സുരേന്ദ്രനെ തിരികെ കോന്നിയിലെത്തിച്ചു പാര്‍പ്പിക്കണമെന്ന ആവശ്യം ഇനി അടങ്ങിയിട്ടില്ല.
വനംവകുപ്പിന്റെ പത്ത് കുങ്കി ആനകളുടെ പട്ടികയില്‍ നാട്ടിലിറങ്ങുന്ന കാട്ടാനകളെ പിടിക്കാനും തുരത്താനും ഒന്നാം പേരുകാരനാണ് സുരേന്ദ്രന്. ആന തിരിച്ചെത്തിയാല്‍ കോന്നി ആനത്താവളത്തിന്റെ മുഖഛായ തന്നെ മാറുമെന്നു വിശ്വസിക്കുന്നവരാണ് നാട്ടുകാര്‍.
മണ്ണാറപ്പാറ വനത്തില്‍ കൂട് പണിതു
കുങ്കി പരിശീലനം പൂര്‍ത്തീകരിച്ച സുരേന്ദ്രനെ തിരികെയെത്തിച്ച് വനത്തിന്റെ സ്വഭാവികതയില്‍ പാര്‍പ്പിക്കാനായി കോന്നി വനമേഖലയിലെ മണ്ണാറപ്പാറയില്‍ തടിക്കൂട് പണിതിരുന്നു.
ആനയെ തിരികെ എത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തണുപ്പിക്കാനാണ് ഇതു ചെയ്തത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കൂട് പണിതതൊഴിച്ചാല്‍ ആന മാത്രം എത്തിയില്ല.
നിലവിലെ സാഹചര്യത്തില്‍ ആനയെ കോന്നിയിലേക്ക് എത്തിക്കുക എളുപ്പമല്ലെന്ന് പറയുന്നു. ആനയെ കോന്നിയിലേക്ക് എത്തിക്കണമെങ്കില്‍ അതിനൊപ്പം പരിശീലനം ലഭിച്ച പാപ്പാന്മാരെയും കൊണ്ടുവരേണ്ടതുണ്ട്. അതു മാത്രമല്ല കോന്നിയില്‍നിന്ന് അകലെയുള്ള പല വനമേഖലകളിലും കാട്ടാനകളെ തുരത്തേണ്ട ഉത്തരവാദിത്വവും ഇന്ന് സുരേന്ദ്രനാണ്.