പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ഒരുവിഭാഗം ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത് ഉല്ലാസ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനു പിന്നാലെ മാഫിയ ബന്ധങ്ങളും ചര്‍ച്ചയാകുന്നു.
സ്ഥലം എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ ഉദ്യോഗസ്ഥരുടെ മാഫിയാ ബന്ധങ്ങളെ സംബന്ധിച്ച് സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഉറപ്പായി.
കോന്നി താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചു സമീപകാലത്തു നടന്ന ചില ഇടപാടുകളും സ്ഥിരമായി ഒരേ തസ്തികയിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാഫിയാബന്ധങ്ങളും സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച കോന്നി താലൂക്ക് ഓഫീസിലെ 39 ജീവനക്കാര്‍ കൂട്ട അവധിയെടുത്തതാണ് വിവാദമായത്. 60 ജീവനക്കാരുള്ള ഓഫീസില്‍ 21 പേര് മാത്രം ജോലിക്കെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കെ.യു. ജനീഷ് കുമാര്‍ നടത്തിയ ഇടപെടലുകള്‍ വിവാദമായി നിലനില്‍ക്കുകയാണ്.അവധിയെടുത്ത ജീവനക്കാരില്‍ ഏറെപ്പേരും മൂന്നാറിലേക്ക് വിനോദയാത്ര നടത്തിയിരുന്നു.
കൂട്ടഅവധിയെടുത്ത് വിനോദയാത്ര പോയതിനു പിന്നാലെ ഇവര്‍ സഞ്ചരിച്ച ബസ് കോന്നിയില്‍ ക്വാറി ഉടമയുടേതായതിനാല് വിഷയം കൂടുതല്‍ വിവാദമായി.
ജീവനക്കാരുടെ യാത്ര ക്വാറി മാഫിയയുടെ സ്പോണ്‍സേർഡ് പ്രോഗ്രാമായി ചിത്രീകരിക്കപ്പെട്ടു. യാത്ര പോയ ബസിന്റെ മാനേജര്‍ ഇതു നിഷേധിച്ചെങ്കിലും സംശയങ്ങള്‍ നിലനില്‍ക്കുകയാണെന്ന് എംഎല്‍എ പറയുന്നു.
വിവാദങ്ങള്‍ക്കിടെ യാത്രയ്ക്കായി തെരഞ്ഞെടുത്ത ദിവസത്തെ സംബന്ധിച്ച് ജീവനക്കാരുടെയും ബസ് മാനേജരുടെയും വിശദീകരണം കൂടുതല്‍ കുരുക്കായി മാറിയിട്ടുണ്ട്.
രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലാണ് യാത്ര ആദ്യം തീരുമാനിച്ചിരുന്നതെന്ന് പറയുന്നു. എന്നാല്‍ അന്നത്തേക്ക് ബസ് ഇല്ലെന്ന് അറിയിച്ചതോടെയാണ് വെള്ളിയാഴ്ചയിലേക്കു മാറ്റിയതെന്നാണ് വിശദീകരണം. മറ്റു ബസുകള്‍ അന്വേഷിച്ചില്ലേയെന്ന ചോദ്യം ബാക്കി.
അതേസമയം കൂട്ട അവധിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഒദ്യോഗിക വിശദീകരണം ഇന്നുമുതൽ ലഭിച്ചുതുടങ്ങും. നേരത്തെതന്നെ അവധിയെടുത്തിരുന്ന ജീവനക്കാര്‍ ആദ്യം വിശദീകരണം നല്‍കേണ്ടതില്ല.
എന്നാല്‍ ആകസ്മിക അവധിയെടുത്തവര്‍ വിശദീകരണം നല്‍കണം. പ്രധാനപ്പെട്ട തസ്തികയിലെ ഉദ്യോഗസ്ഥര്‍ ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടതുമായി ബന്ധപ്പെട്ടും വിശദീകരണം നല്‍കണം.
യാത്രയുമായി ബന്ധപ്പെട്ടു വിവാദമുള്ള സാഹചര്യത്തില്‍ യാത്ര പോയവരില്‍ നിന്നു പ്രത്യേകം മറുപടി തേടാനുമിടയുണ്ട്. റവന്യുമന്ത്രിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട ജില്ലാ കളക്ടര്‍ നടത്തുന്ന അന്വേഷണം നാളെയോടെ പൂര്‍ത്തിയാകും.
ഇതിനു മുമ്പായി ഇവരുടെയെല്ലാം വിശദീകരണക്കുറിപ്പ് സഹിതം റിപ്പോര്‍ട്ട് നല്‍കണം.
നടപടി ഉറപ്പെന്ന് എംഎല്‍എ
കോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധിയുമായി ബന്ധപ്പെട്ട് നടപടി ഉറപ്പെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. രണ്ടുദിവസം കൂടി ഇതിനു സാവകാശം നല്‍കേണ്ടിവരും.
ഇതിനിടെ തനിക്കെതിരേ വാട്സാപ്പ് ഗ്രൂപ്പില്‍ പരാമര്ശമിട്ട ഡെപ്യൂട്ടി തഹസീല്‍ദാരുടെ നടപടി ചട്ടലംഘനമാണെന്ന് ആരോപിച്ചും എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്.
എഡിഎമ്മിന്റെ നടപടിയിലും എംഎല്‍എ പരാതിപ്പെട്ടിരുന്നു. വിഷയത്തില്‍ റവന്യുമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ ജില്ലാ കളക്ടറുടെ അന്വേഷണം കൂടി പൂര്‍ത്തിയാകുന്നതോടെ നടപടി വരുമെന്നു തന്നെയാണ് എംഎല്‍എ പറയുന്നത്.
ക്വാറികളുടെ സ്വന്തം നാട്
പത്തനംതിട്ട ജില്ലയില്‍ ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ ഏറ്റവുമധികമുള്ള താലൂക്കാണ് കോന്നി. താലൂക്കില്‍ ജോലി നോക്കുന്നവരില്‍ പലരും സ്ഥലംമാറിപ്പോകാന് താത്പര്യം കാണിക്കുന്ന ആക്ഷേപം മുമ്പേ ഉള്ളതാണ്.
ഇതില്‍ ഒരുഉദ്യോഗസ്ഥനെതിരേ ഉയര്‍ന്ന ആക്ഷേപം നിലവില്‍ അന്വേഷണത്തിലാണ്. വിരമിക്കാന്‍ കുറച്ചു മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഈ ഉദ്യോഗസ്ഥന് ഇതു റദ്ദാക്കി കോന്നിയില്‍ തന്നെ ജോലി ചെയ്തുവരികയാണ്.