കോന്നി: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയുമായി ബന്ധപ്പെട്ട് എഡിഎം പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകി. ഓഫീസിലെ 60 ജീവനക്കാരിൽ 39 പേരും ഒന്നിച്ച് അവധിയെടുത്തതു വിവാദമായതിനെത്തുടർന്നാണ് അന്വേഷണം.
ജീവനക്കാരിൽ 19 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നു. തഹസിൽദാരും അവധി അപേക്ഷ നൽകുകയും ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
താൻ ആർക്കും അവധി നൽകിയിട്ടില്ലെന്ന് തഹസിൽദാർ ഇന്നലെ വിശദീകരിച്ചെങ്കിലും 19 ജീവനക്കാരുടെ അവധി അപേക്ഷ താലൂക്ക് ഓഫീസിൽ ഉണ്ടായിരുന്നതായി പറയുന്നു.
മറ്റുള്ളവരുടേത് ആകസ്മിക അവധിയെന്ന നിലയിലാണു പരിഗണിക്കുന്നത്. എന്നാൽ ഇവരിൽനിന്നു വിശദീകരണം തേടും. തഹസിൽദാരിൽനിന്ന് അവധി വിവാദത്തിൽ ജില്ലാകളക്ടർ വിശദീകരണം തേടിയിട്ടുണ്ട്.
റവന്യുമന്ത്രിയുടെ നിർദേശപ്രകാരം അവധി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകും. അഞ്ചുദിവസങ്ങൾക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി കെ. രാജൻ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അവർ മൂന്നാറിൽ അടിച്ചുപൊളിക്കുന്നു.
താലൂക്ക് ഓഫീസിൽനിന്നു മൂന്നാറിലേക്കു സംഘടിപ്പിച്ച ഉല്ലാസയാത്രയിൽ 16 പേർ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്ന് വിശദീകരണം വന്നെങ്കിലും അതിൽ കൂടുതൽ ആളുകളുണ്ടെന്നാണ് വിവരം.
മറ്റുള്ളവർ വ്യക്തിപരമായ ആവശ്യങ്ങളിൽ അവധിയെടുത്തുവെന്നാണ് ഇന്നലെ എഡിഎമ്മിനു നൽകിയ വിശദീകരണം. ഇന്ന് രണ്ടാം ശനിയും നാളെ ഞായറും വരുന്നതിനാൽ ജീവനക്കാർ പതിവുപോലെ ഒരുദിവസം അധികമായി ചേർത്ത് അവധി എടുത്തുന്നുവെന്നാണ് മറ്റൊരു വിദീകരണം.
എന്നാൽ അത് ഓഫീസിന്റ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നവിധത്തിൽ കൂട്ട അവധിയായി മാറിയതാണു വിഷയമായത്.
ഇന്നലെ രാവിലെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവർ സംഘടിച്ചതോടെയാണ് സംഭവം വിവാദമായത്. വിഷയത്തിൽ ഇടപെട്ട കെ.യു. ജനീഷ് കുമാർ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിലേക്ക് ഇതുകൊണ്ടുവരികയും നടപടി ആവശ്യപ്പെടുകയുമായിരുന്നു.
അടുത്തമാസം സർവീസിൽനിന്നു വിരമിക്കുന്ന തഹസിൽദാരെയും കൂട്ടിയാണ് യാത്ര നടത്തിയത്. യാത്ര ആരെങ്കിലും സ്പോൺസർ ചെയ്തിട്ടുണ്ടോയെന്നതടക്കം അന്വേഷണ പരിധിയിലുണ്ട്.
എഡിഎം ജീവനക്കാരെ സംരക്ഷിക്കുന്നു: എംഎൽഎ
താലുക്ക് ഓഫീസിലെ കൂട്ട അവധിയുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയാണ് എഡിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ.
താലൂക്ക് ഓഫിസിലെ രേഖകൾ പരിശോധിക്കാൻ എംഎൽഎയ്ക്ക് അധികാരമുണ്ടോ എന്ന് എഡിഎം ചോദിച്ചു. രഹസ്യസ്വഭാമില്ലാത്ത രേഖകൾ എംഎൽഎയ്ക്ക് പരിശോധിക്കാൻ അധികാരമുണ്ടെന്നും എംഎൽഎ പറഞ്ഞു.
ഇന്നലെ ഓഫീസിലെ ത്തിയപ്പോൾ ഹാജർ ബുക്ക് ഉൾപ്പെടെയുള്ളവ അവിടെ യുണ്ടായിരുന്നവരോടു എംഎൽഎ ചോദിച്ചിരുന്നു. ഫോൺ വിളിച്ചാൽ പോലും എഡിഎം എടുക്കാറില്ല.
എഡിഎമ്മിനെതിരേ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും ജനീഷ്കുമാർ പറഞ്ഞു.കോന്നി താലൂക്ക് ഓഫീസിൽ ഇന്നലെ ഉണ്ടായ കൂട്ടഅവധി പോലെയുള്ള വിഷയങ്ങൾ ആവർത്തിക്കാൻ പാടില്ല.
കോന്നി താലൂക്ക് വിദൂര മേഖലയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ്. സീതത്തോട്, ആങ്ങമൂഴി, ഗവി, ചിറ്റാർ, കൊക്കാത്തോട് പ്രദേശങ്ങളിൽനിന്നുള്ളവരാണ് താലൂക്ക് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നത്.
ഇവിടെ എത്തുന്പോൾ ജീവനക്കാരില്ലായെന്നത് ഗൗരവകരമാണ്. നേരത്തെ പല ആവശ്യങ്ങൾക്കായി ഓഫീസിലെത്തി ഇന്നലെ വീണ്ടും എത്താൻ നിർദേശിക്കപ്പെട്ടവരടക്കമാണ് ബുദ്ധിമുട്ടിയത്. ഉദ്യോഗസ്ഥരുടെ നടപടി ഗൗരവമായി കണ്ടുതന്നെ നടപടി ഉണ്ടാകുമെന്നും ജനീഷ് കുമാർ പറഞ്ഞു.