കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥികൾ നിരന്നു. ഇനി പ്രചാരണത്തിരക്കിലേക്ക്. വിസ്തൃതമായ മണ്ഡലത്തിൽ ഇനി പരമാവധി വേഗത്തിലോടുകയാണ് സ്ഥാനാർഥികളുടെ ദൗത്യം. സംസ്ഥാനത്തു തന്നെ വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന മണ്ഡലമാണ് കോന്നി.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇന്നലെയാണ് നാമനിർദേശ പത്രികകൾ നൽകിയത്. പത്രികാസമർപ്പണത്തിന്റെ അവസാനദിനമായിരുന്നു ഇന്നലെ. പി. മോഹൻരാജ് (യുഡിഎഫ്), കെ.യു. ജനീഷ് കുമാർ (എൽഡിഎഫ്), കെ. സുരേന്ദ്രൻ (എൻഡിഎ) എന്നിവരാണ് കോന്നിയിൽ മത്സരിക്കുന്ന പ്രമുഖർ.
എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ നിയോജകമണ്ഡലം തല കൺവൻഷനുകൾ പൂർത്തിയാക്കി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ പാർട്ടികൾക്കുണ്ടായ കാലതാമസം കാരണം പ്രചാരണം ശക്തമായിട്ടില്ല.
മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണത്തിലാണ് മൂന്ന് സ്ഥാനാർഥികളും. പഞ്ചായത്തുതലത്തിൽ യോഗങ്ങൾ വിളിച്ച് അതിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ പഞ്ചായത്തുകൾ തോറും പര്യടനം നടത്തിവരികയാണ്. യുഡിഎഫ് പഞ്ചായത്തുതല കൺവൻഷനുകൾക്കും തുടക്കം കുറിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കണ്ടുവരികയാണ് പി. മോഹൻരാജ്. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനും പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരുന്നുണ്ട്.
21നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്. പ്രചാരണം 19ന് അവസാനിക്കും. ഇനിയുള്ള ദിവസങ്ങളിൽ സംഘടനാപരമായ ശേഷിയിൽ പരമാവധി പ്രദേശങ്ങളിൽ ഓടിയെത്താനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. മഴ ശക്തമാകുന്നത് പ്രചാരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മലയോര മേഖലയായതിനാൽ ശക്തമായ മഴ കാരണം യാത്ര പോലും തടസപ്പെടുന്നുണ്ട്.